
മോഷ്ടിച്ചത് BSNL-ന്റെ 45 ലക്ഷം രൂപ വിലവരുന്ന കേബിളുകള്‍; മൂന്നുപേര്‍ അറസ്റ്റില്‍
തൈക്കാട്ടുശ്ശേരിയില്‍ വഴിയരികില്‍ സൂക്ഷിച്ചിരുന്ന ബി.എസ്.എന്‍.എല്‍ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ പാലക്കാട് ആമയൂര്‍ സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മനക്കത്തൊടി വീട്ടില്‍ ഷൗക്കത്തലി (29), പുതിയ റോഡ് ഓണക്കിഴി വീട്ടില്‍ മുഹമ്മദ് റഷീദ് (26), ചിറങ്ങരത്ത് അന്‍ഷാദ് (24) എന്നിവരെയാണ് ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഈ മാസം 13-നാണ് 45 ലക്ഷം രൂപ വിലവരുന്ന കേബിളുകള്‍ മോഷ്ടിച്ചത്.
സ്വകാര്യ ടെലികോം കമ്പനിയുടെ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി ചെയ്തിരുന്ന പ്രതികള്‍ക്ക് റോഡരികില്‍ സൂക്ഷിച്ചിരുന്ന വിലപ്പിടിപ്പുള്ള കേബിളുകളെപ്പറ്റി അറിവുണ്ടായിരുന്നു. ബി.എസ്.എന്‍.എല്‍. ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കേബിളുകള്‍ കടത്തിക്കൊണ്ടുപോയത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുത്തു.
കുമരകം പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് 45 ലക്ഷം രൂപയുടെ കേബിളുകള്‍ ഇവര്‍ മുമ്പ് കവര്‍ന്നതായും പോലീസ് പറഞ്ഞു. എസ്.ഐ.മാരായ കെ.വി. വിജിത്ത്, പി.ആര്. സുദര്ശന്, സീനിയര്‍ സി.പി.ഒ. എന്‍.എസ്. ആസാദ്, സി.പി.ഒ.മാരായ കെ. അരുണ്‍, അര്ജുന് ബാബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.