‘അച്ഛനോട് സംസാരിക്കണമെന്ന് ഇപ്പോഴും തോന്നാറുണ്ട്’; കുതിരവട്ടം പപ്പുവിനെ അനുസ്മരിച്ച് ബിനു പപ്പു

മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ നടനാണ് കുതിരവട്ടം പപ്പു. നാടകരം​ഗത്തുനിന്നും സിനിമയിലെത്തിയ അദ്ദേഹത്തിന്റെ ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഇന്നും മലയാളിക്ക് മനഃപാഠമാണ്. കഴിഞ്ഞദിവസമായിരുന്നു അദ്ദേഹത്തിന്റെ 23-ാം ചരമവാർഷികദിനം. ഈയവസരത്തിൽ പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധനേടുകയാണ്.

അച്ഛനായ കുതിരവട്ടം പപ്പുവിനേക്കുറിച്ചുള്ള രണ്ടുവരി കുറിപ്പാണ് ബിനു പപ്പു പങ്കുവെച്ചത്. ”അച്ഛാ എനിക്ക് അച്ഛനോട് സംസാരിക്കണമെന്നും എന്റെ ദിവസത്തെ കുറിച്ച് പറയണെമെന്നും ഇപ്പോഴും തോന്നാറുണ്ട്. ഓരോ ദിവസവും അച്ഛനെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഒരുപാട് സ്‌നേഹം”. ബിനു പപ്പു കുറിച്ചു. നടൻ സൈജു കുറുപ്പ്, കലാസംവിധായകൻ മനു ജ​ഗദ്, ഛായ​ഗ്രാഹകൻ ജയാനൻ വിൻസെന്റ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായെത്തിയത്.

മുടിയനായ പുത്രൻ എന്ന നാടകത്തിലെ പ്രകടനം കണ്ട് സംവിധായകൻ രാമു കാര്യാട്ട്, എ വിൻസെന്റ് എന്നിവരാണ് പപ്പുവിന് മൂടുപടം എന്ന ചിത്രത്തിൽ അവസരം നൽകിയത്. എ.വിൻസെന്റ് സംവിധാനം ചെയ്ത ഭാർ​ഗവീ നിലയം പപ്പുവിന്റെ സിനിമാ ജീവിതത്തിൽ പുതിയ അധ്യായമായി. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. ഭാർ​ഗവീ നിലയം റിലീസായ ശേഷം പനങ്ങാട്ട് പദ്മദളാക്ഷൻ എന്ന കോഴിക്കോട്ടുകാരൻ തനിക്ക് വഴിത്തിരിവായ ആ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കുകയായിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിലാണ് കുതിരവട്ടം പപ്പു അവസാനമായി വേഷമിട്ടത്. അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ബിനു പപ്പു. ഇർഷാദ് പരാരി സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ പ്രധാനവേഷത്തിലെത്തുന്ന അയൽവാശിയാണ് ബിനുവിന്റേതായി വരാനിരിക്കുന്ന ചിത്രം. ഏപ്രിൽ 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Leave a Reply

Your email address will not be published.

Previous post സര്‍ക്കാർ മോദിഭരണത്തിന്റെ മലയാളപരിഭാഷയെന്ന് ഷാഫി പറമ്പിൽ
Next post ഫിഫയുടെ മികച്ച ഫുട്‍ബോളറായി ലയണൽ മെസി.