150 വര്‍ഷം പഴക്കം, വില ഒന്നരക്കോടി; കള്ളന്മാരെ ഭയന്ന് ചന്ദനമരം പിഴുതെടുത്ത് സുരക്ഷിതമാക്കി

കേരളത്തിലെ സ്വകാര്യഭൂമിയിലെ ഏറ്റവും വലിയ ചന്ദനമരം വനം, റവന്യൂ വകുപ്പ് അധികൃതർ പിഴുതെടുത്ത് സുരക്ഷിതമാക്കി. കാന്തല്ലൂർ പഞ്ചായത്തിൽ കുണ്ടക്കാട് ചിറക്കടവ് പേരൂർ വീട്ടിൽ സോമന്റെ വീടിന് മുൻപിൽ നിന്നിരുന്ന 150 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് ബുധനാഴ്ച പിഴുതെടുത്ത് വനം വകുപ്പിന്റെ മറയൂരിലെ ചന്ദന ഗോഡൗണിൽ എത്തിച്ചത്.

ഒന്നരക്കോടി രൂപ വിലമതിക്കുന്ന ചന്ദനമരത്തിന്റെ മൂന്നു വലിയ ശിഖരങ്ങൾ രണ്ടു തവണയായി മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു.
ഒറ്റപ്പെട്ടുകിടക്കുന്ന സോമന്റെ വീടിന്റെ പരിസരത്തുനിന്ന് മുൻപും നിരവധി തവണ ചന്ദനമരങ്ങൾ മുറിച്ചുകടത്തിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട മറയൂർ ഡി.എഫ്.ഒ. എം.ജി.വിനോദ് കുമാർ രേഖാമൂലം ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ ശ്രദ്ധയിൽ വിഷയമെത്തിച്ചു.

ചന്ദനമരം പിഴുതെടുത്ത് സുരക്ഷിതമാക്കാൻ ജില്ലാ കളക്ടർ ദേവികുളം സബ് കളക്ടർക്കും തഹസിൽദാർക്കും ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരം പിഴുത് സർക്കാരിലേക്ക് സ്വരുക്കൂട്ടിയത്.

മറയൂർ ഡി.എഫ്.ഒ. എം.ജി.വിനോദ് കുമാർ, റേഞ്ച് ഓഫീസർ അബ്ജു കെ.അരുൺ, പ്രബോഷണറി റെയ്ഞ്ച് ഓഫീസർ ഇ.ഡി.അരുൺകുമാർ, ഡെപ്യൂട്ടി റെയ്ഞ്ചർമാരായ കെ.സനിൽ, ബിജു ബി.നായർ, കീഴാന്തൂർ വില്ലേജ് ഓഫീസർ കെ.എം.സുനിൽകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous post നടി സുബി സുരേഷ് അന്തരിച്ചു
Next post തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികൾ തട്ടിക്കൊണ്ടുപോയ രണ്ടുപേർ കൂടി അറസ്റ്റിൽ