
ആകാശ് തില്ലങ്കേരിയുടെ അറസ്റ്റും ജാമ്യവും ഒത്തുകളിയെന്ന് ആരോപണം
ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങുന്ന സമയം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഏരിയാകമ്മിറ്റി ഓഫീസിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളുടെ യോഗം ചേർന്നു. ആകാശ് തില്ലങ്കേരി വിഷയവും യോഗത്തിൽ ചർച്ചയായി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം തുടങ്ങിയ യോഗം വൈകീട്ട് അഞ്ചുവരെ തുടർന്നു. അഞ്ചോടെയാണ് ആകാശ് തില്ലങ്കേരി കീഴടങ്ങാനെത്തുന്നത്. ഉടൻതന്നെ ആകാശിന് ജാമ്യം ലഭിക്കുകയും ചെയ്തു.
ആകാശ് തില്ലങ്കേരിയോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. നേരത്തേ ആകാശിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് എന്താണോ പറഞ്ഞത് അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത് ക്വട്ടേഷൻസംഘാംഗമാണ് ആകാശ് തില്ലങ്കേരി. അയാൾ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. അയാളെ പിന്തുണയ്ക്കുകയോ അയാളുടെ പോസ്റ്റിന് പ്രതികരിക്കുകയോ ചെയ്യുന്നത് പാർട്ടിവിരുദ്ധമാണെന്നും ജയരാജൻ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ എന്തെങ്കിലും പോസ്റ്റിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമം വിഫലമാണെന്നുംഅദ്ദേഹം പറഞ്ഞു.
എന്നാൽ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്നത് സാധാരണയോഗം മാത്രമാണെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ അടുത്ത ആഴ്ച മട്ടന്നൂരിൽ എത്തുന്നുണ്ട്. അതുമായി ബന്ധപ്പട്ട കാര്യം ചർച്ചചെയ്യാനാണ് യോഗം വിളച്ചത്. തില്ലങ്കേരി ലോക്കൽ കമ്മിറ്റിയോഗം മാത്രമല്ല മട്ടന്നൂർ ലോക്കൽ കമ്മിറ്റിയോഗവും നടന്നിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ വരുമ്പോൾ ഇത്തരം പ്രതിസന്ധിയുണ്ടാകുന്നത് ദോഷം ചെയ്യുമെന്നും ജയരാജൻ യോഗത്തിൽ സൂചിപ്പിച്ചു.