
കാറില്‍ സ്റ്റിയറിങ്ങിന് താഴെ രഹസ്യഅറ, ഒളിപ്പിച്ചത് 1.45 കോടി രൂപ; മൂന്നുപേര്‍ പിടിയില്‍
കാറില്‍ രഹസ്യ അറയുണ്ടാക്കി മതിയായ രേഖകളില്ലാതെ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പൂര്‍ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗണ്‍ വെയ്ഫാലെ സ്വദേശി പ്രദീപ് നല്‍വാഡെ (39) എന്നിവരില്‍നിന്നാണ് പണം പിടികൂടിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് തൂതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം വെച്ചിരുന്നത്.
സ്റ്റിയറിങ്ങിന് താഴെ ഡാഷ് ബോര്‍ഡിന് അടിവശത്തായി രണ്ടുഭാഗത്തേക്കും നീളുന്ന വിധം രഹസ്യ അറയുണ്ടാക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത വിധത്തിലുള്ള അറയില്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്.