
കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്; പരിശോധന 60-ഓളം കേന്ദ്രങ്ങളില്‍
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ മുതല്‍ എന്‍.ഐ.എ. പരിശോധന ആരംഭിച്ചത്.
എറണാകുളത്ത് പറവൂര്‍, ആലുവ, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എ. പുറത്തുവിട്ടിട്ടില്ല.
2022 ഒക്ടോബര്‍ 23-നാണ് കോയമ്പത്തൂര്‍ കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് മുമ്പില്‍ സ്ഫോടകവസ്തുക്കളുമായെത്തിയ കാര്‍ പൊട്ടിത്തെറിച്ചത്. കാറിലുണ്ടായിരുന്ന ജമീഷ മുബീന് എന്നയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജമീഷ മുബീന് ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് പിന്നീട് കണ്ടെത്തി. ആസൂത്രിതമായ ചാവേര്‍ ആക്രമണമാണ് നടന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസ് എന്‍.ഐ.എ. ഏറ്റെടുത്തതോടെ കൂടുതല്‍ പ്രതികളും അറസ്റ്റിലായിരുന്നു.