8 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ; വിശ്വനാഥ് ആത്മഹത്യാ ചെയ്യില്ലെന്ന് വീട്ടുകാർ.

”വിവാഹംകഴിഞ്ഞ് എട്ടുവര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്, പ്രസവിച്ചിട്ട് മൂന്നുദിവസമായിട്ടേയുള്ളൂ, അവന്‍ കുഞ്ഞിനെ ശരിക്കൊന്ന് കണ്ടിട്ടുപോലുമില്ല. വളരെ സന്തോഷവാനായിരുന്നു അവന്‍. അങ്ങനെയൊരാള്‍ ആത്മഹത്യചെയ്യില്ലെന്ന് ഉറപ്പാണ്. മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികളില്‍പ്പോലും ദുരൂഹതയുണ്ട്…” -കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപത്ത് തൂങ്ങിമരിച്ച കല്പറ്റ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ സഹോദരന്‍ ഗോപി പറയുന്നു. മോഷ്ടാവെന്ന മുദ്രകുത്തി ആള്‍ക്കൂട്ടം മര്‍ദിച്ചതിനെത്തുടര്‍ന്നാണ് വിശ്വനാഥന്‍ ആത്മഹത്യചെയ്തതെന്നാണ് ആരോപണം.

എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറയുന്നത്. ആരും വിശ്വനാഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. ‘മോഷ്ടിക്കാന്‍വേണ്ടി നടക്കുന്ന ആളാണോ’യെന്ന് രോഗികള്‍ക്കൊപ്പം വന്നവരില്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നെങ്കിലും ആരും മര്‍ദിച്ചിട്ടില്ല. ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ ആള്‍ക്കൂട്ടം ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ബന്ധുക്കളും അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ക്കെതിരേയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സുരക്ഷാജീവനക്കാര്‍ പ്രവേശനകവാടത്തില്‍വെച്ച് ചോദ്യംചെയ്യുന്നതും കാണുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നാണ് ഉള്ളതെന്നും മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്‍ വിശദീകരിച്ചു.

”അവന്‍ ആരുടെയും സാധനങ്ങളെടുക്കില്ല. അച്ഛന്‍ അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. എന്നിട്ടാണ് മോഷ്ടിച്ചെന്ന് ആരോപിച്ചത്. മരണത്തിനുപിന്നിലെ എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരണം. പോലീസിന്റെ ഇടപെടലും ശരിയല്ലായിരുന്നു. ഞങ്ങള്‍ ഒപ്പിടാനെത്തിയപ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയിരുന്നു. പോസ്റ്റ്മോര്‍ട്ടംചെയ്ത സമയം എപ്പോഴാണെന്നുപോലും അറിയില്ല” -വിശ്വനാഥന്റെ സഹോദരന്‍ ഗോപി പറയുന്നു.

വിശ്വനാഥനെ കാണാതായപ്പോള്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ഗൗരവത്തോടെയല്ല എടുത്തതെന്ന് മെഡിക്കല്‍ കോളേജില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യാമാതാവ് ലീലയും പറഞ്ഞു. പ്രസവിച്ചുകിടക്കുന്ന മകള്‍ക്ക് സമയത്തിന് ഭക്ഷണംപോലും കൊടുക്കാതെയാണ് വിശ്വനാഥനെ കണ്ടെത്താനുള്ള സഹായത്തിനായി ഓടേണ്ടിവന്നത്.

ആശുപത്രിയില്‍ മറ്റൊരു രോഗിക്ക് കൂട്ടിരിപ്പിനുവന്ന സ്ത്രീയല്ലാതെ ആരും സഹായിക്കാനുണ്ടായിരുന്നില്ല. പലതവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടിവന്നു. ഭാര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവന്‍ മദ്യപിക്കില്ലെന്ന് ഉറപ്പാണെന്നും മോഷ്ടിച്ചെന്ന് സമ്മതിപ്പിക്കാന്‍ മര്‍ദിച്ചിട്ടുണ്ടാകുമെന്നും ലീല പറയുന്നു.

സംഭവത്തില്‍ ഞായറാഴ്ച മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍. ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയെടുത്തു.

Leave a Reply

Your email address will not be published.

Previous post ‘അമിത് ഷായുടെ പൂതി ഇവിടെ നടക്കില്ല’ – പിണറായി
Next post കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി