ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് അനില്‍ കെ. ആന്റണി രാജിവെച്ചു

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആന്റണി എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററായിരുന്നു.

ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മോദിക്കെതിരായ പരാമര്‍ശമുണ്ടെന്നതിനാല്‍ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദര്‍ശിപ്പിക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിനെതിരെ അനില്‍ കെ ആന്റണി രംഗത്ത് വരികയായിരുന്നു.

പ്രദര്‍ശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലമാക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ബി.സി. മുന്‍വിധിയുടെ ചരിത്രമുള്ള മാധ്യമസ്ഥാപനമാണ്. നമ്മള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അവിടെ അഭിപ്രായ സ്വാതന്ത്ര്യം അത്യാവശ്യമാണ്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം സമ്പൂര്‍ണമാണെന്ന് കരുതരുത്. മറ്റുള്ളവര്‍ ആഭ്യന്തരപ്രശ്‌നത്തിനായി ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതല്ല. ഇന്ത്യ ബ്രിട്ടനെയും പിന്തള്ളി ലോകശക്തിയാകുമ്പോഴാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി വരുന്നത്. അത് രാജ്യ താത്പര്യത്തിനെതിരാണെന്നും അനില്‍ പറഞ്ഞിരുന്നു.

അനില്‍ കെ ആന്റണിയുടെ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമായിരുന്നു കോണ്‍ഗ്രസിനുള്ളില്‍ നിന്നുയര്‍ന്ന് വന്നത്. മാത്രമല്ല ഇത് ബി.ജെ.പി. ആയുധമാക്കുകയും ചെയ്തു. കെ.പി.സി.സി. ഡിജിറ്റല്‍ സെല്ലിന്റെ പുന:സംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും മറ്റാരെങ്കിലും പറയുന്നത് ഔദ്യോഗികനിലപാടല്ലെന്നും ഷാഫി പറമ്പിലും ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published.

Previous post കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ
Next post വിപണിയില്‍ നിഫ്റ്റി 18,100ന് താഴെ