മന്ത്രിമാര്‍ പോരാ; ഇടത് യോഗത്തില്‍ തുറന്നടിച്ച ഗണേഷ് കുമാർ

സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതിന്റെപേരിൽ ഇടതുമുന്നണി എം.എൽ.എ.മാരുടെ യോഗത്തിൽ പൊട്ടിത്തെറിച്ച് കെ.ബി. ഗണേഷ്‌കുമാർ. എം.എൽ.എ.മാർക്ക്‌ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു. ഭരണകക്ഷി അംഗങ്ങളുടെ മണ്ഡലത്തിൽ നാലോ അഞ്ചോ പദ്ധതികളെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഗണേഷിന്റെ വാദങ്ങളെ സി.പി.ഐ. എം.എൽ.എ.മാർ ഉൾപ്പെടെ കൈയടിച്ച് പിന്തുണച്ചു.

സി.പി.എം. എം.എൽ.എ. പി.വി. ശ്രീനിജനും ഗണേഷ് കുമാറിനെ പിന്തുണച്ചു. ഓരോ മന്ത്രിമാരെയും പേരെടുത്തു വിമർശിച്ച് ഗണേഷ്‌കുമാർ കത്തിക്കയറിയപ്പോൾ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറിയായ മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ തടഞ്ഞു. ഇതൊന്നും പറയേണ്ട വേദി ഇതല്ലെന്ന്‌ രാമകൃഷ്ണൻ പറഞ്ഞപ്പോൾ ഇവിടെയല്ലാതെ എവിടെ പറയുമെന്ന്‌ ഗണേഷ്‌കുമാർ തിരിച്ചുചോദിച്ചു. പറയാനുള്ളത് പറയുമെന്നും ഗണേഷ് പറഞ്ഞു.

പിന്നീട് സി.പി.എം. പാർലമെന്ററി പാർട്ടി എക്‌സിക്യുട്ടീവ് യോഗം ഗണേഷ്‌കുമാർ ഉന്നയിച്ച വിമർശനം ഗൗരവമാണെന്നു വിലയിരുത്തി. കിഫ്ബി പദ്ധതികൾക്ക് ഉൾപ്പെടെ വേഗമില്ലെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ പരാതി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുള്ളതുപോലെ പദ്ധതികൾ വാരിക്കോരിനൽകുന്ന രീതി രണ്ടാം സർക്കാരിലില്ലെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ്‌കുമാറിന്റെ വിമർശനം.

മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാൻപറ്റുന്നില്ല. പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നിർമാണമോ നിർവഹണമോ നടക്കുന്നില്ല. എം.എൽ.എ.മാർക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവുന്നില്ലെന്നും ഗണേഷ്‌കുമാർ തുറന്നടിച്ചു.

Leave a Reply

Your email address will not be published.

Previous post നെടുമങ്ങാട് ശൈശവ വിവാഹം : 4 പേർക്കെതിരെ കേസ്
Next post കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിൽ