
ജമ്മുവില്‍ രണ്ടു സ്ഥലങ്ങളിൽ സ്ഫോടനം ; ആറ് പേര്‍ക്ക് പരിക്ക്
ജമ്മുവിലെ നര്‍വാളില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. എ.ഡി.ജി.പി. മുകേഷ് സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടനമുണ്ടായ പ്രദേശം സൈനികവലയത്തിലാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ചില്‍ മുന്‍ എം.എല്‍.എയുടെ വീട്ടിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30ഓടെയായരുന്നു സ്ഫോടനം. വീടിന് കേടുപാടുകള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
നേരത്തെ, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഭീകരാക്രമണസാധ്യതയുള്ളതിനാല് ചിലയിടങ്ങളില്‍ നടത്തമൊഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുവില്‍ പര്യടനം നടത്തുന്ന യാത്രക്ക് ഇന്ന് വിശ്രമദിവസമാണ്. ഞായറാഴ്ച കത്വയില്‍ നിന്ന് യാത്ര പുനഃരാരംഭിക്കും.