കടുവകളെ വയനാടന്‍ കാട്ടില്‍ നിന്ന് മാറ്റും, ആനകളുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം-മന്ത്രി ശശീന്ദ്രന്‍

വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍. ആന, കുരങ്ങ് ഉള്‍പ്പെടെയുള്ള ജീവികളില്‍നിന്നും മനുഷ്യര്‍ക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 2011-ലാണ് അവസാനമായി കടുവകളുടെ കണക്ക് എടുത്തത്. അതില്‍ നിന്നും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. കടുവകളുടെ പെരുപ്പം ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി കാടിനും കുറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കടുവകളെ വയനാടന്‍ കാട്ടില്‍നിന്നും മാറ്റേണ്ടതുണ്ട്. താരതമ്യേന കടുവകള്‍ കുറഞ്ഞ സ്ഥലങ്ങളിലേക്ക് കടുവകളെ പുനരധിവസിപ്പിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. നെയ്യാര്‍, പറമ്പിക്കുളം വന്യജീവി സാങ്കേതങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതര സംസ്ഥാനങ്ങളോടും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കടുവകളെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. സാമാന്തരമായി ചെന്നൈയിലെ ഒരു ഏജന്‍സിയുമായി സഹകരിച്ച് കടുവകളുടെ നിലവിലെ എണ്ണം കണ്ടെത്താന്‍ ഉള്ള സെന്‍സസും നടത്തും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന, കടുവ, കുരങ്ങ് എന്നിവയുടെ വംശവര്‍ധന തടയാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ആനയെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വന്ധ്യംകരണം നടത്തുന്നുണ്ട്. ഇക്കാര്യം നമ്മുടെ നാട്ടില്‍ അവലംബിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. കാട്ടുകുരങ്ങിനെ വന്ധ്യംകരണം ചെയ്യാന്‍ വയനാട്ടിലെ നിലവിലെ ആശുപത്രിയില്‍ സൗകര്യം ഒരുക്കും. ഇതിന് മറ്റു വകുപ്പുകളുടെ സഹായം കൂടി തേടുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു

Leave a Reply

Your email address will not be published.

Previous post വെള്ളാപ്പള്ളിക്ക് തിരിച്ചടി; ക്രമിനല്‍ കേസുള്ളവര്‍ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന് ഹൈക്കോടതി
Next post പറവൂരിൽ കുഴിമന്തി കഴിച്ച 17 പേർക്ക് ഭക്ഷ്യവിഷബാധ.