
‘അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്ക്’, പരസ്യപിന്തുണയുമായി എം എ ബേബി
കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എം എ ബേബി. സ്ഥാപനത്തിന്റെ ചെയർമാൻ ആണ് അടൂർ ഗോപാലകൃഷ്ണൻ. അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്ന് എം എ ബേബി പറഞ്ഞു. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയെന്നും ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.
മാധ്യമപ്രവർത്തകർ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ എന്നും ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. വിവാദത്തിൽ ആദ്യമായാണ് ഒരു സിപിഎം നേതാവ് അടൂരിന് പരസ്യ പിന്തുണ നൽകുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്നത് അടൂരാണെന്ന ആരോപണങ്ങൾക്കിടെയാണ് സിപിഎം പിബി അംഗത്തിന്റെ പിന്തുണ പ്രഖ്യാപനം.