
‘ലഹരിക്കെതിരെ പ്രസംഗിക്കുന്നവർ ലഹരികടത്തുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്’; വിമർശനവുമായി സുധാകരൻ
ലഹരിക്കെതിരെ പ്രസംഗിക്കുകയും അവർ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് മുൻമന്ത്രി ജി. സുധാകരൻ. രാഷ്ട്രീയം കലയും സംസ്കാരവും ചേർന്നതാണ്. എന്നാൽ അതിപ്പോൾ ദുഷിച്ചുപോയെന്നും ജി. സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. ആലപ്പുഴയിൽ സി.പി.എം. നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയില ഉത്പന്നക്കടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
‘അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ചാൽ പോരാ. അഴിമതി കാണിക്കാതിരിക്കുകയും കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ശിക്ഷകൊടുക്കുകയും വേണം. ലഹരിയ്ക്കെതിരായി പ്രസംഗിക്കുകയും ലഹരിവസ്തുക്കൾ വിൽക്കുകയും ചെയ്യുന്നത് തമാശയായി മാറിയിരിക്കുകയാണ്’, സുധാകരൻ പറഞ്ഞു.
നേരത്തെ കരുനാഗപ്പള്ളിയിൽ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടിച്ചിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലഹരിയുമായി പിടിയിലായ പ്രധാന പ്രതി ഇജാസ് ഇഖ്ബാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.