
വനം 8 കിലോമീറ്റര്‍ അകലെ, പക്ഷേ കടുവയെത്തി ആളെ കൊന്നു പ്രതിഷേധത്തിൽ നാട്ടുകാർ
വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊതുവേ വയനാട്ടില്‍ ആനയും കടുവയുമൊക്കെ ഇറങ്ങാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച കടുവയിറങ്ങി കര്‍ഷകനെ ആക്രമിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വെള്ളാരംകുന്നിന് എട്ടു കിലോമീറ്ററിലധികം അപ്പുറത്താണ് വനമുള്ളത്. കുരങ്ങിന്റെ ശല്യംപോലും ഇല്ല. വല്ലപ്പോഴും മയിലിറങ്ങും. പിന്നെ ഈ സ്ഥലത്ത് എങ്ങനെയാണ് കടുവയെത്തിയതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ചുറ്റും വീടുകളുള്ള ജനവാസമേഖലയാണ് കടുവയിറങ്ങിയ സ്ഥലം. കുഞ്ഞോം വനം എട്ടു കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ അതിര്‍ത്തിയിലുള്ള പേര്യ വനം 14 കിലോമീറ്ററും അകലെയാണ്. ഇത്രയും ദൂരെയുള്ള വനത്തില്‍നിന്ന് കാപ്പിത്തോട്ടത്തിലുടെയും ജനവാസ മേഖലകളും കടന്നുവേണം കടുവയെത്താന്‍.
കര്‍ഷകനെ ആക്രമിച്ചശേഷം എവിടേക്ക് പോയി എന്നറിയാത്തതിനാല്‍ ഈ പ്രദേശത്തുകാര്‍ മുഴുവന്‍ ആശങ്കയിലാണ്. തോമസിനെ ആക്രമിച്ച് കടുവ മുകളിലേക്കുള്ള ഭാഗത്തേക്ക് പോയെന്നാണ് സംശയിക്കുന്നത്. അതെല്ലാം ജനവാസ മേഖലയാണ്. വനംവകുപ്പ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും രാത്രിയില്‍ എവിടെയെങ്കിലുമിറങ്ങി വീണ്ടും ആക്രമണം നടത്തുമോ എന്ന ഭീതിയിലാണ് ഒരു പ്രദേശം മുഴുവന്‍. രണ്ടുവര്‍ഷംമുന്‍പ് സമീപത്തെ ഒരുപ്രദേശത്ത് കടുവയുടെ കാല്പാട് കണ്ടിരുന്നു. അന്ന് കടുവയെയൊന്നും ആരും കണ്ടിട്ടില്ല. ഒരിക്കല്‍ ഒരു കാട്ടുപോത്തും ഇറങ്ങിയിരുന്നു. പിന്നീട് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്ന് നാട്ടുകാരനായ രഘു പറയുന്നു. അതുകൊണ്ട് വന്യമൃഗങ്ങളെക്കുറിച്ച് മുന്‍കരുതല്‍ എടുക്കേണ്ട കാര്യവും നാട്ടുകാര്‍ക്കില്ല.