
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ല ; അന്വേഷണത്തിൽ വൻ വഴിത്തിരിവ്
കാസർഗോഡ് മരിച്ച അജ്ഞുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയാകാൻ സാധ്യതയില്ലെന്ന് അന്വേഷണ സംഘം . ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉൾപ്പെടെ മൂന്ന് പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു . ഭക്ഷ്യ വിഷബാധ അല്ലെങ്കിൽ മരണത്തിന് മറ്റ് കാരണങ്ങൾ എന്തെന്ന് കണ്ടെത്തണമെന്നു കുടുംബവും അവശ്യപ്പെട്ടിട്ടുണ്ട്
പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഇന്നലെ പുറത്തു വന്നിരുന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.