
അവിഹിതബന്ധ സംശയം; ഭാര്യയെകൊന്ന് മൃതദേഹം കഷണങ്ങളാക്കി യുവാവ്
അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടായി മുറിച്ച് മഹാനന്ദ നദിയില്‍ ഒഴുക്കി. പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരി സ്വദേശിയായ രേണുക ഖാത്തൂണ്‍ എന്ന യുവതിയെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഡിസംബര്‍ അവസാന വാരം മുതല്‍ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സിലിഗുരി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തില്‍, രേണുകയുടെ ഭര്‍ത്താവ് മൊഹമ്മദ് അന്‍സാറുലിനെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഭാര്യയെ കൊന്ന് മൃതദേഹം രണ്ട് കഷണങ്ങളാക്കി നദിയില്‍ തള്ളിയതായി ഭര്‍ത്താവ് വെളിപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 24 നാണ് അന്‍സാറുള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടായി മുറിച്ച് നദിയിലൊഴുക്കിയത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ രേണുകയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനുളള തിരച്ചില്‍ തുടരുകയാണ്.