
വി.ജോയ് എം എൽ എ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
വര്‍ക്കല എം.എല്‍.എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്.
വ്യാഴാഴ്ച രാവിലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുത്തു. യോഗത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് വി.ജോയിയുടെ പേര് മുന്നോട്ടുവച്ചതെന്നാണ് സൂചന. വി.ജോയിയെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് തന്നെ യോഗം ചേരും.
പാര്‍ട്ടിയില്‍ സംഘടനാപരമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് തിരുവനന്തപുരം. മേയറുടെ കത്ത് വിവാദവും ഡിവൈഎഫ്ഐയിലെ ലഹരിമാഫിയ ബന്ധം വലിയ വിവാദമാകുകയും നടപടി വൈകിയത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം തന്നെ തിരുത്തല്‍ നടപടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ആരോപണവിധേയര്‍ക്കെതിരെ ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.