സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്

ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശമുണ്ടായത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമർശം. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നും അന്ന് സജി ചെറിയാൻ പ്രസംഗിച്ചു. തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വച്ചായിരുന്നു പരാമ‍ര്‍ശം. പിന്നാലെ പരാമർശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.

അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റെഫർ റിപ്പോർട് പുറത്തുവന്നു. വിമർശനാത്കമായി സംസാരിക്കുക മാത്രമാണ് സജി ചെറിയാൻ ചെയ്തതെന്നും ഭരണഘടനയേയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. അതിനാൽ തന്നെ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎൽഎമാർ അടക്കമുളളവർ മൊഴി നൽകിയതെന്നും റെഫർ റിപ്പോർട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് സജി ചെറിയാന് വീണ്ടും മന്ത്രി സഭയിലേക്കുള്ള വരവിന് കളമൊരുങ്ങിയത്.

Leave a Reply

Your email address will not be published.

Previous post പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ കുത്തിപ്പരിക്കൽപ്പിച്ചയാൾ അറസ്റ്റിൽ
Next post ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് പ്രധാന പ്രതി കസ്റ്റഡിയിൽ