
കോൺഗ്രസിൽ ചെലവുചുരുക്കാൻ നിർദേശം
ഭാരത് ജോഡോ യാത്രയുൾപ്പെടെ ബഹുജന പരിപാടികളുമായി മുന്നോട്ടുപോകുന്ന കോൺഗ്രസിൽ ചെലവുചുരുക്കൽ നിർദേശങ്ങളുമായി എ.ഐ.സി.സി. സെക്രട്ടറിമാർ അത്യാവശ്യത്തിനല്ലാതെ ഔദ്യോഗിക യാത്ര നടത്തരുത്. വിമാനയാത്ര കഴിയുന്നതും ഒഴിവാക്കണം. മാസത്തിൽ രണ്ടുതവണമാത്രം വിമാനയാത്ര അനുവദിക്കും. എം.പി.മാർ സർക്കാരനുവദിച്ച സൗകര്യം ഉപയോഗിക്കണം. 1400 കിലോമീറ്റർവരെ തീവണ്ടിയിൽ യാത്ര ചെയ്യണം. അതിനുമുകളിൽമാത്രം വിമാനയാത്ര ആവാമെന്നുമാണ് നിർദേശം.
2020-21 കാലത്ത് പാർട്ടിക്ക് ലഭിച്ചത് 285.76 കോടി രൂപ മാത്രമായിരുന്നു. മുൻവർഷം ഇത് 682.21 കോടിയും 2018-19 കാലത്ത് 918.03 കോടിയും ആയിരുന്നു. വരുമാനം കുറഞ്ഞതോടെ എ.ഐ.സി.സി. ആസ്ഥാനത്തടക്കം ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.
സേവാദളിന്റെ മാസബജറ്റ് രണ്ടരലക്ഷത്തിൽനിന്ന് രണ്ട് ലക്ഷവുമാക്കി. എം.പി.മാർ വർഷം 50,000 രൂപ ലെവി നൽകാനും നേരത്തേ നിർദേശം നൽകി. മാസം 2000 രൂപ വീതം ഓഫീസ് ആവശ്യത്തിന് നൽകാനും ആവശ്യപ്പെട്ടു.