രാഹുല്‍ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് സി ആർ പി എഫ്

ഭാരത് ജോഡോ യാത്രയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ പരാതിക്ക് മറുപടിയുമായി സി.ആര്‍.പി.എഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിനിടെ രാഹുല്‍ പലതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി.ആര്‍.പി.എഫ്. പറഞ്ഞു.

ഡിസംബര്‍ 24-ന് നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ആര്‍.പി.എഫിന്റെ പ്രതികരണം.

സംസ്ഥാന പോലീസുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് സി.ആര്‍.പി.എഫ്. വ്യക്തമാക്കി. ഡിസംബര്‍ 24-ന്റെ പരിപാടിക്ക് മുന്നോടിയായി രണ്ടുദിവസം മുന്‍പേ സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നിരുന്നു. ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചിരുന്നതായും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡല്‍ഹി പോലീസ് അറിയിച്ചിരുന്നതായും സി.ആര്‍.പി.എഫ്. പറഞ്ഞു. 2020-ന് ശേഷം 113 തവണ രാഹുല്‍ ഗാന്ധി സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സി.ആര്‍.പി.എഫ്. ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.

Previous post കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്; ഹൈക്കോടതി
Next post ‘പഠാന്’ തിരിച്ചടി, വിവാദ​ഗാനത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്