
കൈക്കൂലികേസിൽ MG യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ പിരിച്ചുവിട്ടു
മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്‌റ്റുചെയ്‌ത സർവകലാശാലാ അസിസ്‌റ്റന്റ് സി.ജെ.എൽസിയെ(48) സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
കൈക്കൂലി വാങ്ങിയതിലും കൗണ്ടർ ഫോയിലിൽ മാർക്ക് തിരുത്തിയതിലും എൽസിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. പിരിച്ചുവിടാൻ ഒക്‌ടോബറിൽ സിൻഡിക്കേറ്റ് ശുപാർശ ചെയ്‌തിരുന്നു.പത്തനംതിട്ട സ്വദേശിനിയായ വിദ്യാർഥിനിയിൽനിന്ന് 15,000 രൂപ വാങ്ങുന്നതിനിടെയാണ് ജനുവരിയിൽ പരീക്ഷാഭവന്‍റെ മുന്നിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
രണ്ട് എം.ബി.എ. വിദ്യാർഥികളുടെ മൂന്നാംസെമസ്‌റ്റർ മേഴ്‌സി ചാൻസ് പരീക്ഷയുടെ സെക്യൂരിറ്റി അനാലിസിസ് ആൻഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്ന വിഷയത്തിന്റെ മാർക്കിൽ തിരുത്തൽവരുത്തിയതായും ഇവരുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതായും കണ്ടെത്തിയിരുന്നു.
സംഭവത്തിനുശേഷം എൽസിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തു. സർവകലാശാല നിയോഗിച്ച രണ്ട് അന്വേഷണ കമ്മിഷനും ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
എൽസിയുടെ നടപടി സർവകലാശാലയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന് പരിച്ചുവിട്ടുകൊണ്ടുള്ള സർവകലാശാലാ ഉത്തരവിൽ പറയുന്നു. അസിസ്‌റ്റന്റ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന സെക്‌ഷൻ ഓഫീസറെ സർവകലാശാല ഡിസംബർ ഏഴിന് തിരിച്ചെടുത്തിരുന്നു. കാരണം കാണിക്കൽ നോട്ടിസിന് സെക്‌ഷൻ ഓഫീസർ സമർപ്പിച്ച വിശദീകരണം തൃപ്‌തികരമാണെന്ന് വിലയിരുത്തിയാണ് അന്ന് തിരിച്ചെടുത്തത്.