കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ച് അപകടമരണം; റഷീദിന്‍റെ കുടുംബത്തിന് അടിയന്തര സഹായമെന്ന് മന്ത്രി

കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോഴിക്കോട് കൂരാച്ചുണ്ടിലെ റഷീദിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി എടുക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ.

ഒരു വര്‍ഷം കഴിഞ്ഞിട്ടും റഷീദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കിട്ടിയിട്ടില്ല. വനം വകുപ്പിന്റെ കണക്കിൽ പന്നിക്ക് പകരം നായ വന്നിടിച്ചാണ് ഓട്ടോ മറിഞ്ഞത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കുടുംബം പലതവണ സമീപിച്ചിട്ടും ചികിത്സാ ചെലവ് പോലും നൽകിയിരുന്നുമില്ല. ഒടുവിൽ റഷീദിന്‍റെ മൃതദേഹവുമായി കുടുംബം താമരശ്ശേരി റേഞ്ച് ഓഫീസ് ഉപരോധിച്ചപ്പോൾ ധനസഹായം ഉടൻ അനുവദിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലുവിലയാണ് ലഭിച്ചത്.
ഇതുവരെ സഹായം ഒന്നും കിട്ടിയില്ലെന്നറിഞ്ഞത് ഇപ്പോഴാണ് എന്ന് മന്ത്രി പ്രതികരിച്ചു. കാട്ടുപന്നി ഇടിച്ചതാണെന്ന് താമരശ്ശേരി പൊലീസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യമൃഗാക്രമണങ്ങളിൽ ഇരകളായവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടത്ര ഫണ്ടില്ലാത്ത പ്രശ്നമുണ്ട്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ‘ആര്‍ആര്‍ആര്‍’ ഗാനം ഓസ്‍കര്‍ ചുരുക്ക പട്ടികയില്‍
Next post ‘പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ട’; മുഖ്യമന്ത്രി