അര്‍ജന്റീനയുടെ വിജയം ആഘോഷതിനിടെ വെടിവെപ്പ്, മണിപ്പൂരില്‍ 50-കാരി മരിച്ചു; കൊല്‍ക്കത്തയിലും സംഘര്‍ഷം

ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റ് മരിച്ചു. ഇംഫാല്‍ സിങ്ജാമെയ് വാങ്മ സ്വദേശി ഇബേതോംബി ദേവി(50)യാണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ പ്രദേശത്തെ ആരാധകര്‍ പടക്കം പൊട്ടിക്കുകയും വെടിവെയ്പ്പ് നടത്തുകയും ചെയ്‌തെന്നാണ് ദേവിയുടെ ഭര്‍ത്താവ് പറയുന്നത്. വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവെയ്പ്പില്‍ വീട്ടിനുള്ളിലായിരുന്ന ദേവിയ്ക്കും വെടിയേല്‍ക്കുകയായിരുന്നു.

വീടിന്റെ ചുറ്റു മറച്ചിരുന്ന ഷീറ്റ് തുളച്ചെത്തിയാണ് സ്ത്രീയുടെ ദേഹത്ത് വെടിയുണ്ട പതിച്ചത്. വീടിനകത്ത് മടിയില്‍ കുഞ്ഞുമായി ഇരിക്കുകയായിരുന്ന ദേവി വെടിയേറ്റയുടന്‍ നിലത്തുവീണു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവെയ്പ്പിലാണോ അതോ മനഃപൂര്‍വം ചെയ്തതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

കഴിഞ്ഞദിവസം ലോകകപ്പ് ഫൈനലിന് പിന്നാലെ കൊല്‍ക്കത്തയിലും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ലേക്ക്ടൗണിലെ ദക്ഷിന്ധരിയിലാണ് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുവീടുകള്‍ക്ക് നേരേ ആക്രമണമുണ്ടാവുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous post കോഴിക്കോട്ട് ഒമ്പതുവയസ്സുകാരി മരിച്ചു; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി
Next post 100 കോടി കൈക്കൂലി: കെ.സി.ആറിന്റെ മകള്‍ക്ക് കുരുക്കായി ഇ.ഡി കുറ്റപത്രം