
മൂടല്‍മഞ്ഞ്: ഉത്തരേന്ത്യയില്‍ തീവണ്ടികള്‍ വൈകി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ഉത്തരേന്ത്യയില്‍ ജനജീവിതത്തെ ബാധിച്ച് ശൈത്യവും മൂടല്‍മഞ്ഞും. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലും രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും പലഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. 6.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. മൂടല്‍മഞ്ഞ് വ്യോമ – റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
നിലവില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെങ്കിലും യാത്രാസമയം അടക്കമുള്ള വിവരങ്ങള്‍ക്കായി വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെടണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. ചണ്ഡീഗഢ്, വാരണാസി, ലഖ്നൗ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ പലതും ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍നിന്ന് യാത്രതിരിക്കേണ്ട 20 തീവണ്ടികള്‍ വൈകി. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് പഞ്ചാബിലെയും യു.പിയിലെ ഗാസിയാബാദിലെയും സ്കൂള്‍ സമയത്തില്‍ അധികൃതര്‍ മാറ്റംവരുത്തി. പഞ്ചാബില്‍ ബുധനാഴ്ച മുതല്‍ ജനുവരി 21വരെ സ്കൂളുകള്‍ രാവിലെ 10 മണിക്കേ പ്രവര്‍ത്തനം തുടങ്ങൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന് പ്രഖ്യാപിച്ചു. സാധാരണ പോലെതന്നെ വൈകീട്ട് മൂന്നുവരെ സ്കൂളുകള്‍ പ്രവര്‍ത്തിക്കും.