
ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിച്ച് ഗ്രൗണ്ട് സര്‍വേ നടത്തണം – താമരശ്ശേരി ബിഷപ്പ്
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. താമസസ്ഥലങ്ങളും ദേവാലയങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിച്ച് ഗ്രൗണ്ട് സര്‍വേ നടത്തണം എന്നും അതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബിഷപ്പ് പറഞ്ഞു.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഏറെ കാലമായി ഞങ്ങള്‍ പറയുന്നതാണ്. അതില്‍ ഞങ്ങളുടെ വീടുകളും മറ്റും ഉള്‍പ്പെടിട്ടുണ്ടോ എന്ന് അറിയേണ്ടതല്ലേ! എന്നാല്‍ വളരെ നിര്‍ബന്ധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അതില്‍ നിന്ന് തന്നെ വ്യക്തമാണ് റിപ്പോര്‍ട്ടില്‍ എന്തോ പ്രതിസന്ധിയുണ്ട് എന്നുള്ളത്.
കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ, മുഖ്യമന്ത്രി നല്‍കിയ വാക്ക് ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല എന്നല്ലെ റിപ്പോര്‍ട്ട് അര്‍ത്ഥമാക്കുന്നത്? കര്‍ഷകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഒത്തുപോവില്ല.
വന്യമൃഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം മേഖല ഉണ്ടാക്കുമ്പോള്‍ അത് വനത്തിനുള്ളില്‍ മതി. ആവശ്യത്തിലേറെ വനമേഖല കേരളത്തിനുണ്ട്. സംരക്ഷിത മേഖല അവിടെ മതിയെന്നും ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ കക്ഷിയോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.