
തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. പിൻവാതിൽ നിയമന നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. അറസ്റ്റ് നടപടികൾക്കിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോര്‍പ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൗണ്‍സിലര്‍മാരെ സസ്പെൻഡ് ചെയ്ത മേയറുടെ നടപടി റദ്ദാക്കണം, വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇടത് കൗണ്‍സിലര്‍ ഡിആര്‍ അനിലിനെതിരെ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
തിരുവനന്തപുരം നഗരസഭയിൽ മേയറുടെ കത്ത് വിവാദത്തെ ചൊല്ലി പ്രതിപക്ഷ കൗൺസിലര്‍മാരും ഇടത് അംഗങ്ങളും തമ്മിൽ ഇന്ന് സംഘര്‍ഷമുണ്ടായിരുന്നു. കൗൺസിൽ യോഗം അലങ്കോലമാക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ച് ഒമ്പത് ബിജെപി കൗൺസിലര്‍മാരെ സസ്പെൻഡ് ചെയ്തു. മേയര്‍ ആര്യ രാജേന്ദ്രൻ രാജി വയ്ക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ബിജെപി കൗൺസിലര്‍മാര്‍ കൗൺസിൽ ഹാളിൽ 24 മണിക്കൂര്‍ രാപ്പകൽ സമരത്തിലായിരുന്നു. ഇതിനിടെയാണ് രാത്രിയോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.