
ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്
ഗോണ്‍സാലോ റാമോസ് എന്ന താരോദയത്തിനാണ് ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയം സാക്ഷിയായത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. പറങ്കിനാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ചതാരത്തെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പുറത്തിരുത്തിയപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നു. പകരമെത്തിയത് അധികമാരും അറിയാത്ത ഗോണ്‍സാലോ റാമോസ്.
റൊണാള്‍ഡോയ്ക്ക് പകരം കോച്ച് സാന്റോസ് കളത്തിലേക്കിറക്കിവിട്ടപ്പോള്‍ നോക്കൌട്ട് റൗണ്ടില്‍ പെലെയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് റാമോസ് തിരിച്ചുകയറിയത്. പെപെ, റാഫേല്‍ ഗ്യൂറൈറോ, റാഫോല്‍ ലിയോ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. മാനുവല്‍ അകാന്‍ജിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസഗോള്‍. ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെ മറികടന്നെത്തിയ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളി.