കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികൾക്കു ജീവപര്യന്തം

ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം. ഇരുവരും ജീവിതാവസാനംവരെ തടവ് അനുഭവിക്കണം. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

ഒന്നാം പ്രതിയായ ഉമേഷും രണ്ടാം പ്രതിയായ ഉദയകുമാറും 1.25 ലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴത്തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്കു നൽകണം. തങ്ങളെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇരുപ്രതികളും കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു. യഥാർഥ കുറ്റവാളികൾ തങ്ങളല്ലെന്നും സംഭവം നടക്കുമ്പോൾ പ്രദേശത്തുനിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നതായും പ്രതികൾ വിളിച്ചു പറഞ്ഞു. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post കൊറോണ മനുഷ്യനിർമ്മിതം തന്നെ ; ചോർന്നത് വുഹാനിലെ ലാബിൽ നിന്നും!
Next post എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ