
എം. ബി രാജേഷ് മന്ത്രിയാകും ഷംസീർ സ്‌പീക്കർ
തിരുവനന്തപുരം: എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി ആയി ചുമതല ഏറ്റതിനെ തുടർന്ന് ഒഴിവു വന്ന മന്ത്രി സ്ഥാനത്തേക്ക് സ്‌പീക്കർ എം ബി രാജേഷിനെ നിയോഗിച്ചു. എ.എൻ ഷംസീർ പകരം സ്‌പീക്കർ ആകും. എം വി ഗോവിന്ദൻ മാസ്റ്റർ ഉടൻ മന്ത്രി സ്ഥാനം രാജി വയ്ക്കും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വർത്താകുറിപ്പിലാണ് തീരുമാനം അറിയിച്ചത്.
എം ബി രാജേഷ് സ്‌പീക്കർ സ്ഥാനത്തു മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരുന്നത്. അദ്ദേഹം മന്ത്രി ആകുന്നതോടെ പകരം സ്‌പീക്കർ ആകുന്ന ഷംസീർ സിപിഎം ന്റെ യുവ നിരയിലെ ശ്രദ്ധേയനായ നേതാവാണ്. രണ്ടാം തവണ ആണ് ഷംസീർ എം.എൽ. എ ആകുന്നത്.
രാജേഷ് ലോക്സഭയിലാണ് കൂടുതൽ പ്രവർത്തിച്ചിരുന്നത്. മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ പേരെടുത്തിരുന്നു. നിയമ സഭാ രംഗത്തു അദ്ദേഹം ആദ്യമായിരുന്നു. എങ്കിലും മികച്ച സ്‌പീക്കർ എന്ന അംഗീകാരം അദ്ദേഹം നേടി എടുത്തിരുന്നു. ഭരണ രംഗത്തു രാജേഷ് പുതു മുഖമാണ്. കാര്യങ്ങൾ ആഴത്തിൽ പഠിക്കുന്ന ആൾ എന്ന നിലയ്ക്കും രാജേഷ് ശ്രദ്ധേയനാണ്.
വകുപ്പുകളിൽ അഴിച്ചു പണി ഉണ്ടാകുമോ എന്നു വ്യക്തമല്ല. രണ്ടാം പിണറായി സർക്കാരിലെ ആദ്യ അഴിച്ചു പണി ആണിത്. സജി ചെറിയാൻ രാജിവച്ച ഒഴിവിൽ മറ്റാരെയും നിയോഗിക്കാൻ പാർട്ടി സന്നദ്ധമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്..