
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്ത്തിവയ്കാനാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി നിര്‍ത്തിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. നിയമസഭാ സമ്മേളനത്തിൽ വെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവർത്തിച്ചത്. തുറമുഖനിര്‍മാണം തീരശോഷണത്തിനു കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.
തുറമുഖ നിർമ്മാണ പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും സമരക്കാരുടെ ആവശ്യം പരിഗണിച്ച് തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു മാസത്തിനകം സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെടും.പദ്ധതി തുടങ്ങുംമുമ്പ് തന്നെ തീരശോഷണം ഉണ്ട്. തുറമുഖനിര്‍മാണത്തിന്റെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നെന്ന വാദം അടിസ്ഥാനരഹിതമാണ്.
മത്സ്യത്തൊഴിലാളികളുടെ ചില ആവശ്യങ്ങള്‍ ന്യായമാണ്. ചില ആവശ്യങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളവയും ചിലത് അടിയന്തരമായി പരിഗണിക്കേണ്ടവയുമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തോട് സര്‍ക്കാരിനു യോജിക്കാനാവില്ലെന്നും സമരത്തില്‍നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.