
ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു യു ലളിത്) ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധനക്കർ, മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജസ്റ്റിസ് എൻ വി രമണ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് യു യു ലളിത് ചുതലയേറ്റത്. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ലളിത്. മഹാരാഷ്ടയിൽ 1957 നവംബർ 9 ന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1986 ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2004 ഏപ്രിലിൽ സീനിയർ അഭിഭാഷകപദവി ലഭിച്ചു. 2014 ആഗസ്റ്റ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്. 74 ദിവസം പദവിയിൽ തുടർന്ന ശേഷം നവംബർ 8 ന് യു യു ലളിത് വിരമിക്കും.