
കുതിച്ചുയർന്ന് അരി വില: വലഞ്ഞ് ജനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു.രണ്ട് മാസത്തിനിടെ പൊന്നി ഒഴിച്ചുള്ള അരി വിലയിൽ 10 രൂപയുടെ വർധനയാണ് ഉണ്ടായത്. ജയ അരിക്കും ജ്യോതി അരിക്കും 10 രൂപ കൂടി. സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വർധിച്ചത്. മട്ട അരിയുടെ വില മിക്ക ജില്ലകളിലും 50 രൂപ കടന്നു. ബ്രാൻഡഡ് മട്ട അരിയുടെ വില 59 രൂപയ്ക്കും മുകളിലാണ്. മട്ട അരി വില 46 രൂപയും ബ്രാൻഡഡ് മട്ട 48 രൂപയും കടന്നു. കുറുവ, സുരേഖ അരിയിനങ്ങൾക്കും വില കുതിച്ചുകയറി. അരി വില കൂടിയതോടെ ഉപോൽപ്പന്നങ്ങളായ അവൽ, പച്ചരി, അരിപ്പൊടികൾ, അരച്ച മാവ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ നല്ല രീതിയിൽ ബാധിച്ചു. അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം വിലക്കയറ്റം തടയാൻ ആവശ്യമായ ഇടപടെൽ സർക്കാർ വിപണിയിൽ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വിൽപ്പന നടത്താൻ ആവശ്യത്തിന് അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും 700 ലോഡ് അരി ആന്ധ്രയിൽ നിന്ന് സപ്ലെകോയിൽ ഉടൻ എത്തുന്നതോടെ നിലവിലെ വില കുറയാൻ സാദ്ധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
