വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ അഞ്ചാം ദിവസവും തുടരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ട 7 ആവശ്യങ്ങളിൽ 5 എണ്ണവും അംഗീകരിക്കാൻ സർക്കാർ പഠനം നടത്തി തീരുമാനം എടുക്കുമെന്ന ഉറപ്പിന്മേലാണ് യോഗം പിരിഞ്ഞത് . എന്നിട്ടും മത്സ്യത്തൊഴിലാളികൾ സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് മുദ്രകടലാസിൽ എഴുതി നൽകിയാൽ സമരം അവസാനിപ്പിക്കാം എന്നാണ് പ്രതിഷേധക്കാരുടെ പറയുന്നു.

ഇന്നലെ ചേർന്ന യോഗത്തിൽ കടലാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാടക വീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറും മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെ നിയോഗിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിന് കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി.മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണത്തിനുള്ള അനുമതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം മുതലപ്പൊഴി ഫിഷിങ്ങ് ഹാർബർ നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് പഠനം നടത്തി തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും. ഇതിനായി ഹാർബർ എൻജിനിയറിങ്ങ് വകുപ്പ് ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി വലിയതുറയിൽ 192 ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികൾ പൂർത്തീകരിക്കാൻ മന്ത്രിതല യോഗം ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും: അബ്ദുറഹിമാൻ
Next post സർവകലാശാലകളിലെ മൂന്നു വർഷത്തെ നിയമങ്ങൾ അന്വേഷിക്കും: ഗവർണ്ണർ