കോവിഡ് രോ​ഗികൾ വർധിക്കുന്നു; രോഗികളിൽ കൂടുതലായി കാണുന്ന ലക്ഷണങ്ങൾ നെഞ്ചു വേദനയും വയറിളക്കവും

ന്യൂഡൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ ലക്ഷണങ്ങൾ കണ്ടുവരുന്നു. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കോവിഡ് രോ​ഗികളിൽ വ്യാപകമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ കോവിഡാണ് നേരത്തേ ഭൂരിഭാ​ഗം പേരെയും ബാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്കു പിന്നാലെ കോവിഡ് പോസിറ്റീവാകുന്ന അവസ്ഥ കൂടിയെന്നാണ് കണ്ടെത്തൽ.

ഡൽഹിയിൽ നടത്തിയ പഠനത്തിൽ ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും കരുതുന്നത്ര അപകടകാരിയല്ല ഈ വകഭേദമെന്ന് ലോകാരോ​ഗ്യസംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോവി‍ഡ് മരണനിരക്കുകളുടെ കാര്യത്തിലും ഒരിടവേളയ്ക്ക് ശേഷം ഉയർച്ച ഉണ്ടായി. ഇതിനു പിന്നിൽ കോവിഡ് വൈറസ് മാത്രമല്ലെന്നും നേരത്തേ ശ്വാസകോശ, കിഡ്നി സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ഹൃദ്രോ​ഗമുള്ളവരിലുമൊക്കെയാണ് രോ​ഗം മരണത്തിലേക്ക് നയിക്കുന്നതെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കോവിഡ് ബാധിച്ചവരിൽ ഹൃദ്രോ​ഗ സംബന്ധമായ പ്രശ്നങ്ങൾ കൂടുന്നതായും കണ്ടുവരുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous post ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം. സത്യന്‍ ചുമതലയേറ്റു.
Next post വിഴിഞ്ഞം തുറമുഖം: നാലാം ദിവസവും തുടരുന്ന പ്രതിഷേധം