
ആപ്പ് എത്തീല : വഴിയിലാണ് കേരള സവാരി
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓട്ടോ ടാക്സി സംവിധാനം കേരള സവാരി ആപ്പ് ഇതുവരെ പ്ലേസ്റ്റോറിൽ എത്തിയില്ല. ഇന്നലെ അർധരാത്രി 12 മണിയോടെ ആപ്പ് പ്ലേസ്റ്റോറിൽ എത്തുമെന്ന് സംഘാടകർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും ആപ്പ് എത്താത്തതിൽ വലഞ്ഞിരിക്കുകയാണ് ഓട്ടോ ടാക്സി ഡ്രൈവർമാർ. കനകക്കുന്നിൽ വെച്ച് മുഖ്യമത്രി പിണറായി വിജയൻ ആണ് ഫ്ലാഗ് ഓഫ് ച്യ്ത കേരളം സവാരി ഉദ്‌ഘാടനം ചെയ്തത്.
കേരള സവാരിയിൽ യാത്രക്കാർക്ക് ഒറ്റ നിരക്ക് ഉണ്ടാവുകയുള്ളു. മറ്റ് ഓൺലൈൻ ടാക്സി ചാർജിനേക്കാൾ കുറവാണ് കേരള സവാരി ഈടാക്കുന്നത്. സർവീസ് ചാർജ് വെറും എട്ട് ശതമാനം മാത്രമാണ് . സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം സർവീസ് ചാർജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്തും.
കേരള സവാരി ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഡ്രൈവർമാർക്ക് മികച്ച പരിശീലനവും നൽകുന്നു. കൂടാതെ കേരള സവാരി ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ ഡ്രൈവർക്കോ യാത്രക്കാർക്കോ പരസ്പരം അറിയാതെ തന്നെ പാനിക് ബട്ടൺ അമർത്താം. പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് സംവിധാനങ്ങളെ ബന്ധപ്പെടാൻ പാനിക്ക് ബട്ടൺ അമർത്തിയാൽ കഴിയും. വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജി പി എസ് ഘട്ടം ഘട്ടമായി ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററും ഇതിന്റെ ഭാഗമാകും.
തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.തിരുവനന്തപുരം നഗരസഭാ പരിധിയിലെ 500 ഓട്ടോ -ടാക്സി ഡ്രൈവർമാർക്ക് ഇതുവരെ പരിശീലനം നൽകി. ഡ്രൈവർമാരെ ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന തലത്തിലേക്ക് കൂടി മാറ്റാനുള്ള പരിശീലനവും നൽകുന്നുണ്ട്. പദ്ധതിയുടെ ഭാഗമാകുന്ന വാഹനത്തിന്റെ ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ,ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ പരിഗണയിലുണ്ടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് തുടങ്ങിയവ നടപ്പിലാക്കും.
