
വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; അധ്യാപകന് 79 വര്‍ഷം കഠിനതടവ്
കണ്ണൂര്‍: അഞ്ചു എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ക്ലാസ് മുറിയില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്. പെരുന്തട്ടയിലെ എല്‍.പി. സ്കൂള്‍ അധ്യാപകനായിരുന്ന കണ്ണൂര്‍ ആലപ്പടമ്പ് ചൂരല്‍ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനെ(50)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴയും അടക്കണം .
അധ്യാപകനായിരുന്ന ഗോവിന്ദന് 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവില്‍ അഞ്ചുവിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സംഭവത്തില്‍ 2014 ഫെബ്രുവരിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
അഞ്ചുവിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ അഞ്ചുകേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒരു കേസില്‍ പരാതിക്കാരുമായി പ്രതി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മറ്റുനാല് കേസുകള്‍ കോടതി പരിഗണിക്കുകയും പല വകുപ്പുകളിലായി പ്രതിയെ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയുമായിരുന്നു.