
സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും റെഡ് അലർട്ടുകൾ പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. മത്സ്യബന്ധനത്തിനും അടുത്ത രണ്ടു ദിവസം നിരോധനം ഏർപ്പെടുത്തി.
അതേസമയം നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്. നെയ്യാർ, മണിമല, കരമന, ഗായത്രിപ്പുഴകളിൽ ജലനിരപ്പ് കൂടി. പന്പ, മീനച്ചിൽ, തൊടുപുഴ, അച്ചൻകോവിൽ ആറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.സംസ്ഥാനത്തെ ആറ് ഡാമുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള റെഡ് അലര്‍ട്ട് തുടരുന്നുണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണു റെഡ് അലര്‍ട്ട്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നു. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്.