
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് വുകോമാനോവിച്ച് കൊച്ചിയില്‍; ഗംഭീര സ്വീകരണം നല്കി ആരാധകര്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമാനോവിച്ച് കൊച്ചിയില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിക്ക് കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോച്ചിന് ഗംഭീര വരവേല്‍പ്പാണ് ആരാധാകര്‍ നല്‍കിയത്. മഞ്ഞപ്പൂക്കളും പൊന്നാടയും നല്കി ആരാധകര്‍ ഇവാനെ വരവേറ്റു. ആരാധകരുടെ ആവേശത്തില്‍ പങ്കുചേര്‍ന്ന ഇവാന്, ആരാധകര്‍ക്കൊപ്പം ചാന്റുകളുടെ ഭാഗമാകുകയും ചെയ്തു. സെല്‍ഫികള്‍ക്കും പോസ് ചെയ്ത ശേഷമാണ് ഇവാന് ഹോട്ടലിലേക്കു പോയത്.
യുഎഇയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ് മത്സരങ്ങള്‍ നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം താരങ്ങളും ഇന്നും നാളെയുമായി കൊച്ചിയിലെത്തും. ഉടന്‍ തന്നെ താരങ്ങള്‍ കൊച്ചിയില്‍ പരിശീലനമാരംഭിക്കും. വിദേശ താരങ്ങളും കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എല്ലില്‍ ഇവാന്റെ പരിശീലനത്തിന് കീഴില്‍ ബ്ലാസ്റ്റേഴ്സ് ഫെനലിലെത്തിയിരുന്നു. ഡ്യുറന്‍ഡ് കപ്പിലും ഇത്തവണ ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്.
നേരത്തെ, പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടിയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. 2024 വരെ ലൂണ മഞ്ഞപ്പടയ്ക്കൊപ്പം തുടരും. കഴിഞ്ഞ സീസണില്‍ ആറ് ഗോളും ഏഴ് അസിസ്റ്റുമായി ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പില്‍ നിര്‍ണായകമായ താരമാണ് ഉറുഗ്വൊ താരമായ അഡ്രിയാന്‍ ലൂണ . യുക്രെയിന് യുവതാരം ഇവാന് കലിയുഷ്നി, സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മോംഗില്‍, ഗ്രീക്ക് ഓസ്ട്രേലിയന്‍ സ്ട്രൈക്ര് അപ്പൊസ്തോലോസ് ജിയാനു എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി സ്വന്തമാക്കിയിട്ടുള്ളത്.
ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ഐഎസ്എല്‍ സീസണിനായി ബ്ലാസ്റ്റേഴ്സ് പരിശീലനം ഉടന്‍ തുടങ്ങും. ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപ്പില്‍ നടക്കുമെന്ന് പരിശീലകന് വുകോമാനോവിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. കൊച്ചി സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ക്കും സാധ്യതയുണ്ട്.
വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.