
മായില്ല, നിലാവ് പോലുള്ള ആ പുഞ്ചിരി
ബി വി പവനൻ
നിലാവ് പോലുള്ള ഒരു പുഞ്ചിരിയുമായല്ലാതെ ഗോപീകൃഷ്ണനെ ഞാനൊരിക്കലും കണ്ടിട്ടില്ല. അദ്ദേഹം ഡസ്ക്കിലുള്ളപ്പോൾ ആ പുഞ്ചിരി പ്രസരിപ്പിക്കുന്ന സൗഹാര്‍ദ്ദവും ലാഘവത്വവും അന്തരീക്ഷത്തിലേക്കും പടരും. സാധാരണ ഗതിയിൽ പത്രമോഫീസിസിൽ ഡസ്ക്ക് മിക്കപ്പോഴും ടെന്ഷനിൽ വലിഞ്ഞു മുറുകിയതായിരിക്കും. സമയവുമായുള്ള യുദ്ധമാണല്ലോ അവിടെ നടക്കുന്നത്. പക്ഷേ ഗോപിക്ക് ഒരു ടെന്‍ഷനുമില്ല. വളരെ കൂളായിരുന്നു അദ്ദേഹം ഡസ്ക്ക് നിയന്ത്രിക്കുകയും പത്രമിറക്കുകയും ചെയ്യുന്നത് അത്ഭുതത്തോടെ ഞാൻ കണ്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ ഗോപിയോടൊപ്പം ജോലി ചെയ്യുന്നതും രസകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളും അതിനിടയിലൂടെ ഗൗരമേറിയ ചര്‍ച്ചകളുമായി മുന്നേറിയിരുന്ന ദിവസങ്ങൾ.
ഗോപീകൃഷ്ണന് കേരളകൗമുദിയിലെത്തിയത് അല്പം വൈകിയായാണ്. ദീപികയും മംഗളവും കഴിഞ്ഞ്. കേരളകൗമുദിയിലെത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. അദ്ദേഹത്തിന് എന്നെയും. കേരളകൗമുദിയിലെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ മനോഹാരിത എനിക്ക് അനുഭവിക്കാനായത്. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ചായ കുടിക്കാനായി തിരുവനന്തപുരത്ത് പേട്ടയിലെ കേരള കൗമുദി ഓഫീസിന് തൊട്ടടുത്തുള്ള റെയില്വേസ്റ്റേഷന് ക്യാന്റീനിലേക്ക് നടക്കും. കേരള കൗമുദിയില്‍ ക്യാന്റീന് ഉണ്ടായിരുന്നെങ്കിലും റെയില്‍വേ സ്റ്റേഷനിലേക്കാണ് ഞങ്ങള്‍ നടക്കാറ്. കാരണം ആ നടത്തത്തിനിടയിലെ നര്‍മ്മത്തില്‍ പൊതിഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍ മനസിന് നല്കുന്ന ഉന്മേഷം വളരെ വലുതായിരുന്നു. എനിക്ക് അന്ന് എഴുതേണ്ട റിപ്പോര്‍ട്ടിന് പുതിയ ഒരു മാനം അപ്പോള്‍ കൈവരുന്നതായി തോന്നും. ഏത് വിഷയത്തിലായാലും, അത് രാഷ്ട്രീയമാകട്ടെ, സാഹിത്യമാകട്ടെ, സിനിമയാകട്ടെ, സംസ്ക്കാരിക രംഗമാകട്ടെ, ചരിത്രമാകട്ടെ ഗോപീകൃഷ്ണന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഏത് സമയത്തും എന്തിനെപ്പറ്റിയും അദ്ദേഹത്തോട് സംശയം ചോദിക്കാം. ഉത്തരം റെഡിയായിരിക്കും. അല്ലെങ്കില്‍ ഉത്തരം ഉടനെ കണ്ടു പിടിച്ചു തരും. ഗോപീകൃഷ്ണന്റെ കയ്യില്‍ ഒരു കോപ്പി ഏല്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് ധൈര്യമാണ്. അതില്‍ തെറ്റ് അവശേഷിക്കില്ല.
ഗോപീകൃഷ്ണന്റെ പ്രകൃതം പോലെ തന്നെ പ്രസാദ മധുരമായി വളരെ വേഗത്തില്‍ എഴുതാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. എന്തെങ്കിലും വലിയ സംഭവ വികാസമുണ്ടാവുമ്പോഴോ, വലിയ വ്യക്തികളുടെ മരണമുണ്ടാവുമ്പോഴോ എഡിറ്റോറിയല്‍ പേജിലേക്ക് മിന്നല്‍ വേഗത്തിലാണ് അദ്ദേഹം ലേഖനങ്ങള്‍ തയ്യാറാക്കുന്നത്. അതേ പോലെ കൃതഹസ്തനായ എഡിറ്ററുമായിരുന്നു അദ്ദേഹം. വാര്‍ത്തയുടെ മര്‍മ്മം ചോര്‍ന്നു പോകാതെ വെട്ടിച്ചുരുക്കാനും അര്‍ത്ഥവത്തായ ഹെഡിംഗുകളിടാനും അദ്ദേഹത്തിന് വളരെ കുറച്ച് സമയമേ വേണ്ടി വന്നിരുന്നുള്ളൂ.
ഗോപീകൃഷ്ണന് കേരളകൗമുദിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളുടെ എല്ലാം ഗുരുനാഥനും ആചാര്യനുമായിരുന്ന എഡിറ്റോറിയല്‍ അഡൈ്വസര്‍ രാമചന്ദ്രന് സാറുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. രാമചന്ദ്രന് സാര്‍ എഴുതിയ എഡിറ്റോറിയലുകള്‍ ക്രോഡീകരിക്കാന്‍ ഗോപീകൃഷണന് ശ്രമിച്ചിരുന്നു. രാമചന്ദ്രന് സാറിന്റെ മരണം സംഭവിക്കുന്നത് ഒരു രാത്രി ഒന്‍പത് മണയോടടുപ്പിച്ചാണ്. ഒരു പുരുഷായുസ് മുഴുവന്‍ കേരള കൗമുദിയില്‍ ജീവിച്ച രാമചന്ദ്രന്സാറിനെക്കുറിച്ച് കേരളകൗമുദി ഡസ്ക്കില്‍ കാര്യമായ കുറിപ്പുകളൊന്നുമില്ലായിരുന്നു. അത് സ്വാഭാവികമാണ്. നമ്മളെക്കുറിച്ച് നമ്മളൊന്നും സ്വന്തം പത്രമാഫീസില്‍ എഴുതി വയ്ക്കാറില്ലല്ലോ? ഗോപീകൃഷ്ണന് അന്ന് ഡസ്ക്കിലുണ്ടായിരുന്നില്ല. ഞാന്‍ ഗോപിയെ ഫോണില്‍ വിളിച്ചു. അദ്ദേഹം വഴിയിലെവിടയോ ആയിരുന്നു. ആ നില്പില് നിന്നു കൊണ്ടു തന്നെ രാമചന്ദ്രന്‍സാറിന്റെ ജീവിത ചിത്രം, വര്‍ഷങ്ങളുടെ കൃത്യതയോടെ അദ്ദേഹം എനിക്ക് ഫോണില്‍ പറഞ്ഞു തന്നു. അതായിരുന്നു ഗോപീകൃഷ്ണന്. അദ്ദേഹം കേരള കൗമുദി വിട്ടത് കൗമുദിക്ക് വലിയ നഷ്ടമുണ്ടാക്കി എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്.
ഒരു പത്രപ്രവര്ത്തകന് അത്യാവശ്യം വേണ്ടത് കോമണ്‍സെന്‍സാണ്. അത് വേണ്ടുവോളം ഉണ്ടായിരുന്ന ആളാണ് ഗോപീകൃഷണന്. കൂടെ ജോലി ചെയ്യുന്നവരെ പ്രചോദിപ്പിച്ച് അവരുടെ കഴിവുകള്‍ പരമാവധി പുറത്തെടുപ്പിക്കാനും ഗോപിക്ക് അസാധരണ സിദ്ധി ഉണ്ടായിരുന്നു. കേരള കൗമുദി വിട്ട ശേഷവും ഗോപീകൃഷണനുമായുള്ള സൗഹൃദത്തിന് കോട്ടമുണ്ടായില്ല. സൗമ്യവും പ്രസാദപൂര്‍ണ്ണവുമായ അദ്ദേഹത്തിന്റെ ശബ്ദം എന്റെ ഫോണില്‍ പതിവായി മുഴങ്ങുമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി സ്ഥാനം അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ എത്തി. ‘ഇനി ഇനി ഞങ്ങളുടെ പത്രത്തില്‍ എഴുതാം’ എന്നദ്ദേഹം പറഞ്ഞു. പിന്നീടാകട്ടെ എന്നു ഞാനും പറഞ്ഞു. അടുത്ത കാലത്ത് വിളിക്കുമ്പോള്‍ വീട്ടിലാണെന്നും പറഞ്ഞിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും ആ ശബ്ദത്തില്‍ ഒരിക്കലും അത് നിഴലിച്ചിരുന്നില്ല. ഇന്ന് പെട്ടെന്ന് ഗോപിയുടെ മരണ വാര്‍ത്ത എത്തിയപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി. പ്രിയപ്പെട്ട സുഹൃത്ത് വിട വാങ്ങിയിരിക്കുന്നു. അത് എനിക്ക് വിശ്വസിക്കാനാവുന്നില്ല.