
ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നി ബാധ
ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നി ബാധ. കർണാടകയിലെ കാർവാറിന് സമീപത്ത് വച്ചാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധയിൽ ജീവഹാനി ഇല്ലെന്ന് നാവികസേന അറിയിച്ചു. കപ്പലിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച്, ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
18 മാസം നീണ്ട അറ്റകുറ്റപണികൾക്ക് ശേഷം കടലിൽ പരിശോധന നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വർഷം മെയ് മാസത്തിലും കാർവാർ നാവിക ബേസിൽ വച്ചും ഇതേ കപ്പലിൽ നേരിയ അഗ്നിബാധ ഉണ്ടായിരുന്നു. റഷ്യൻ നിർമ്മിതമായ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ 2013ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്.