നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ചുമത്തിയ നടപടി പിൻവലിക്കണം: എളമരം കരീം എംപി

ഡൽഹി: അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും ജി എസ് ടി ചുമത്തിയ നടപടി സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. കൂടാതെ ഭക്ഷ്യ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം.പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപിയും ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയർമാന് നോട്ടീസ് നൽകി.

കേന്ദ്ര സർക്കാർ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കൾ മുതൽ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വില കുത്തനെ കൂടും. ജൂണിൽ ചണ്ഡീഗഢിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്താൻ തീരുമാനിച്ചത്‌.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വർധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും.തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.രാജ്യത്ത്‌ മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ തോത്‌ 15 ശതമാനത്തിന്‌ മുകളിലാണ്‌. വരുംമാസങ്ങളിലും വിലക്കയറ്റ തോത്‌ വർധിക്കാൻ വഴിയൊരുക്കുന്നതാണ്‌ ജിഎസ്‌ടി കൗൺസിൽ തീരുമാനം.

Leave a Reply

Your email address will not be published.

Previous post കേരളയൂണിവേഴ്സിറ്റിയുടെ A++; വിമർശനവുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
Next post നീറ്റ് പരീക്ഷാ വിവാദം; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും