
ശ്രീലങ്കയിൽ എന്താണ് സംഭവിച്ചത്? ഇത് കേരളത്തിനും ഒരു പാഠം
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്താബായ രാജപക്‌സെ ഒടുവില്‍ രാജ്യം വിട്ടോടി. തമിഴ്പുലികളെ അപ്പാടെ കൊന്നൊടുക്കി ശ്രീലങ്കയില്‍ ആധിപത്യം അരക്കിട്ടുറപ്പിച്ച കരുത്തനായ നേതാവ്. വെറും മൂന്നു വര്‍ഷം മുന്‍പ് 60% വോട്ടുകള്‍ നേടിയ ജനപ്രിയ നേതാവ്. അങ്ങനെയുള്ള ഒരു നേതാവാണ് ജനങ്ങള്‍ ഏറ്റവും വെറുക്കുന്നയാളായി മാറിയത്. ആര്‍ത്തിരമ്പി വന്ന ജനരേഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യം നേട്ടോട്ടം ഓടുകയും പിന്നീട് രാജ്യത്ത് നിന്ന് തന്നെ പലായനം ചെയ്യുകയും ചെയ്തത്. വിധിയുടെ വിളയാട്ടമല്ല ഇത്. സ്വന്തം കര്‍മ്മങ്ങളുടെ ഫലമാണ്. പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞ ശ്രീലങ്ക എന്ന കൊച്ചു രാജ്യം ലോകത്തിന് നല്‍കുന്നത് വലിയ പാഠമാണ്. ആ പാഠം കേരളത്തിനും ബാധകമാണ്.
തുഗ്ലക്കിനെ തോല്പിക്കുന്ന ഭ്രാന്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും അതിര് വിട്ട ധൂര്‍ത്തും അഴിമതിയുമൊക്കെയാണ് ശ്രീലങ്കയെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്.
തലയ്ക്ക് മീതെ കടം കയറിയപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആരും ചെയ്യുന്നത് പോലെ പിന്നെയും പിന്നെയും കടം വാങ്ങിക്കൂട്ടുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെയ്തത്. അതോടെ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കടക്കെണിയില്‍ ശ്രീലങ്ക ചെന്നു വീണു. ഒരു വ്യക്തിയോ കുടുംബമോ ആണെങ്കില്‍ കൂട്ട ആത്മഹത്യയിലാണ് ഇതവസാനിക്കുക. ഒരു രാജ്യമാകുമ്പോള്‍ കൂട്ടക്കുഴപ്പത്തിലെത്തും. ശ്രീലങ്കയില്‍ സംഭവിച്ചത് അതാണ്. കയ്യില്‍ കെട്ടു കണക്കിന് നോട്ടുണ്ടെങ്കിലും അതിന് വിലയില്ലാത്ത അവസ്ഥ. ഭക്ഷണം കിട്ടാനില്ല. ആശുപത്രികളില്‍ മരുന്നില്ല. പെട്രോളോ മറ്റ് ഇന്ധനമോ കിട്ടാനില്ല. കടലാസോ മഷിയോ ഇല്ലാത്തിനാല്‍ സ്‌കൂളുകളില്‍ പരീക്ഷ പോലും നടത്താന്‍ കഴിയാത്ത വല്ലാത്ത അവസ്ഥ. ദിവസങ്ങളോളം നീളുന്ന പവര്‍ കട്ട്. സഹികെട്ട ജനങ്ങള്‍ ഒടുവില്‍ ഭരണക്കാരുടെ രമ്യഹര്‍മ്മ്യങ്ങളിലേക്ക് ഇരച്ചു കയറി ഭരണകര്‍ത്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചോടിച്ചു. പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. പട്ടാളത്തിനും പൊലീസിനുമൊന്നും ഇരമ്പിയാര്‍ത്തു വന്ന ജനശക്തിയെ തടുത്തു നിര്‍ത്താനായില്ല.
കോവിഡിന്റെ വരവിന് മുമ്പ് തന്നെ ശ്രീലങ്കയില്‍ സാമ്പത്തിക തകര്‍ച്ച തുടങ്ങിയിരുന്നു. പ്രസിഡന്റ് ഗോത്താബായ രജപക്‌സെയുടെ കുടുംബാധിപത്യമാണ് നടന്നിരുന്നത്. പ്രസിഡന്റിന്റെ സഹോദരന്‍ മഹിന്ദ്ര രജപക്‌സെ പ്രധാന മന്ത്രി. മറ്റൊരു സഹോദരന്‍ ബസില്‍ രാജപക്‌സെ ധനകാര്യ മന്ത്രി. മറ്റു കുടുംബാംഗങ്ങള്‍ എല്ലാവരും താക്കോല്‍ സ്ഥാനത്ത്. ചുറ്റിലും സ്തുതിപാഠകരും. ജനാധിപത്യത്തിന്റെ മറവില്‍ സമ്പൂര്‍ണ്ണമായ കുടുംബവാഴ്ചയായിരുന്നു ശ്രീലങ്കയില്‍ നടന്നു വന്നിരുന്നത്.
സ്വതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിട്ടിട്ടും അവശ്യസാധനങ്ങളില്‍ പോലും സ്വയംപര്യാപ്ത കൈവരിക്കാത്ത രാജ്യമായിരുന്നു ശ്രീലങ്ക. ഭക്ഷ്യ വസ്തുക്കളും മരുന്നും ഉള്‍പ്പടെ എല്ലാം പുറത്തു നിന്ന് ഇറക്കു മതി ചെയ്യണം. സ്വതന്ത്ര രാജ്യം എന്ന ആവശ്യവുമായി രക്തരൂക്ഷിതമായ പോരാട്ടത്തിനിറങ്ങിയ തമിഴ് പുലികളുമായി വര്‍ഷങ്ങള്‍ നീണ്ട് ആഭ്യന്തര യുദ്ധം ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ നേരത്തെ തന്നെ തകര്‍ത്തിരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നും ടൂറിസത്തില്‍ നിന്നുമുള്ള വരുമാനമാണ് ശ്രീലങ്കയുടെ മുഖ്യ സാമ്പത്തിക സ്രോതസ്. കോവിഡിന്റെ വരവോടെ ടൂറിസം തകര്‍ന്നു. ദേശീയ വരുമാനത്തിന്റെ പത്ത് ശതമാനം വരുന്ന ആ വരുമാനം നിലച്ചത് വലിയ ആഘാതമായിരുന്നു.
2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രസിഡന്റ് ഗോത്തബായ രാജപക്‌സെ ചില വമ്പന്‍ വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. അതിലൊന്ന് വലിയ തോതിലുള്ള നികുതി ഇളവായിരുന്നു. വ്യാപാരികള്‍ക്കും സമ്പന്നര്‍ക്കും അത് ഗുണകരമായെങ്കിലും ഖജനാവിന് വന്‍ നഷ്ടമാണുണ്ടാക്കിയത്. സാമ്പത്തിക അരാജകത്വത്തിന് അത് വേഗതയേറ്റി.
കാര്‍ഷിക രംഗത്ത് നടത്തിയ പരിഷ്‌ക്കാരം ആരെയും ആമ്പരപ്പിക്കുന്നതാണ്. 2021 ജൂണില്‍ രാജ്യം പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് മാറുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാസവളങ്ങളും രാസ കീടനാശിനികളും എല്ലാം നിരോധിച്ചു. ഒറ്റ രാത്രി കൊണ്ട് രാജ്യം പൂര്‍ണ്ണമായി ജൈവകൃഷിയിലേക്ക് മാറിയത് ആത്മഹത്യാപരമായി മാറി. കാര്‍ഷിക മേഖല തകര്‍ന്നടിയുകയാണ് ചെയ്തത്. പച്ചക്കറിയുടെയും ധാന്യങ്ങളുടെയും ഉല്പാദനം 50% കണ്ട് ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ചിച്ഛു എന്നു മാത്രമല്ല, കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും രാജ്യം നീങ്ങി. തേയിലയുടെ ഉല്പദനം വന്‍ തോതില്‍ കുറഞ്ഞു. തേയിലയുടെ കയറ്റുമതി കുത്തനെ താണു. വിദേശ നാണ്യശേഖരം ഇടിഞ്ഞു. ഒടുവില്‍ രാജ്യത്ത് ഇനി ജൈവകൃഷി മാത്രമേ പാടുള്ളൂ എന്ന നിബന്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എങ്കിലും ഉണ്ടാകേണ്ട കേടുപാടുകള്‍ അതിനകം ഉണ്ടായിക്കഴിഞ്ഞിരുന്നു.
ഇതിനെക്കാളൊക്കെ മാരകമായത് ചൈനയില്‍ നിന്ന് വന്‍തോതില്‍ പണം കടമെടുത്തതാണ്. വികസനപ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു കൂടിയ പലിശയ്ക്കുള്ള കടമെടുപ്പ്. കടമുണ്ടെന്ന് കരുതി വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന വാദമായിരുന്നു അവിടെയും. എടുത്താല്‍ പൊങ്ങാത്ത വമ്പന്‍ നിര്‍മ്മാണ പ്രോജക്ടുകള്‍ക്കായിരുന്നു വായ്പ വാങ്ങിയത്. രാജ്യത്തിന്റെ വളര്‍ച്ചയല്ല ഓരോ വായ്പ വാങ്ങുമ്പോഴും കിട്ടുന്ന കമ്മീഷനിലായിരുന്നു ഭരണക്കാരുടെ കണ്ണ് എന്ന വിമര്‍ശനം അവിടെയും ഉയര്‍ന്നിരുന്നു. പക്ഷേ ഭരണക്കാര്‍ അതിനൊന്നും ചെവി കൊടുത്തില്ല. തുറമുഖങ്ങള്‍ നവീകരിക്കുന്നതിനും പുതിയ പാതകള്‍ നിർമ്മിക്കുന്നതിനും വന്‍തോതില്‍ പണം ചിലവാക്കി. അതൊന്നും സാമ്പത്തികമായി വിജയിച്ചില്ല. എല്ലാം വലിയ ബാദ്ധ്യതയായി മാറി. ചൈനയിലേക്കുള്ള ലോണിന്റെ തിരിച്ചടവ് മുടങ്ങി. അതോടെ ഹംബന്‍തോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനീസ് കമ്പനിക്ക് പാട്ടത്തിന് നല്‍കേണ്ടി വന്നു. ഇന്ത്യയുടെ തൊട്ടടുത്ത പ്രദേശത്ത് ഒരു തുറമുഖം ലഭിച്ചത് ചൈനയ്ക്ക് തന്ത്രപരമായി വന്‍ നേട്ടമായി. ഇന്ത്യയ്ക്ക് ചുറ്റും സൈനിക ശൃംഖല വര്‍ദ്ധിപ്പിക്കുക എന്ന ചൈനീസ് പദ്ധതിക്ക് ഇത് സഹായകവുമാവും.
വിദേശ നാണ്യ ശേഖരത്തില്‍ വന്ന വന്‍കുറവാണ് ശ്രീലങ്കയെ അവസാനം വീഴ്ത്തിയത്. 2019 ല്‍ 7.5 ബില്ല്യണ്‍ ഡോളറായിരുന്നു ശ്രീലങ്കയുടെ വിദേശ നാണ്യ ശേഖരമെങ്കില്‍ 2021 ല്‍ അത് 1.52 ബില്ല്യണ്‍ ഡോളറായി താണു. സാമ്പത്തിക നിലയുടെ നെല്ലിപ്പടിയായിരുന്നുഅത്. വീണ്ടും അതാണ് വിദേശ നാണ്യ ശേഖരം ശൂന്യമായി. അതോടെയാണ് ഒന്നും ഇരക്കുമതി ചെയ്യാനാവാത്ത ദയനീയാവസ്ഥ ഉണ്ടായയത്. പെട്രോളിയം ഉല്പന്നങ്ങളുടെ കരുതല്‍ ശേഖരം ഇല്ലതായതോടെ ഒരു ലിറ്റര്‍ പെട്രോളിനായി ജനങ്ങള്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നു. ചരക്ക് ഗതാഗതം നിലച്ചു. അതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.
ഇതിനിടെ ഭരണക്കാര്‍ മറ്റൊരു വന്‍ മണ്ടത്തരം ചെയ്തു. കയ്യില്‍ പണം ഇല്ലാതെ വന്നപ്പോള്‍ കൂടുതല്‍ നോട്ട് അച്ചടിക്കാന്‍ തുടങ്ങി. 2021 ല്‍ മാത്രം 1.2 ട്രില്ല്യണ്‍ നോട്ട് അച്ചടിച്ചിറക്കി എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഇതോടെ പണപ്പെരുപ്പം എല്ലാ നിയന്ത്രണങ്ങളും വിട്ട് കുതിച്ചുയര്‍ന്നു. പണപ്പെരുപ്പം 40 ശതമാനത്തിലാണ് എത്തിയത്. ഒരു ഡോളറിന് 265 ശ്രീലങ്കന്‍ രൂപ നല്‍കേണ്ട അവസ്ഥയായി.
ഭക്ഷണവും ഇന്ധനവുമില്ലാതെ ജീവിതം വഴി മുട്ടിയപ്പോഴാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭം ശക്തിപ്രാപിക്കുമ്പോഴും എങ്ങനെയും കുടുംബവാഴ്ച നിലനിര്‍ത്താനാണ് രാജപക്‌സെ കുടുംബം ശ്രമിച്ചത്. മേയ് മാസത്തില്‍ പ്രധാന മന്ത്രി പദത്തില്‍ നിന്ന് മഹീന്ദ്ര രജപക്‌സെ രാജി വച്ചു എങ്കിലും പ്രസിഡന്റ് പദത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ ഗോത്താബായ തയ്യാറായില്ല. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അദ്ദേഹം പുതിയ തന്ത്രങ്ങള്‍ പയറ്റി. അതോടെയാണ് ജനക്കൂട്ടം സര്‍വ്വനിയന്ത്രണങ്ങളും ഭേദിച്ച് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചുകയറിയത്.
വികസനം, വികസനം എന്നു ഉരുവിട്ടു കൊണ്ട് എടുത്താല്‍ പൊങ്ങാത്ത അപ്രായോഗിക പദ്ധതികളുമായി വിദേശ വായ്പകള്‍ക്ക് പിന്നാലെ പായുന്നവര്‍ ശ്രീലങ്കയ്ക്ക് പറ്റിയത് എന്താണെന്ന് കണ്ടു പഠിക്കണം. മൂക്കറ്റം കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ജപ്പാന്‍ വായ്പയില്‍ കണ്ണ് വച്ച് കെ-റെയില്‍ പോലുള്ള വമ്പന്‍ പദ്ധതിക്ക് പിന്നാലെ പായുന്ന കേരളവും തൊട്ടടുത്ത ശ്രീലങ്കന്‍ അനുഭവം കാണാതെ പോകരുത്.