
‘കടുവ’യിലെ വിവാദ സംഭാഷണം നീക്കി: സെന്‍സറിംഗ് കഴിഞ്ഞാല്‍ ഇന്ന് രാത്രി പ്രിന്റ് മാറ്റുമെന്ന് പൃഥ്വിരാജ്
തിരുവനന്തപുരം : കടുവ സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു .ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചുള്ള സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്റ് മാറ്റുമെന്നും പൃഥ്വിരാജ് അറിയിച്ചു. സംവിധായകന് ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
വിവാദത്തെക്കുറിച്ച് ക്ഷമ ചോദിക്കുന്നുവെന്നും ന്യായീകരിക്കുന്നില്ലയെന്നും പൃഥ്വിരാജ് പറഞ്ഞു.പറയാന്‍ പാടില്ലാത്ത കാര്യം നായകന് പറയുന്നതായിട്ട് തന്നെയാണ് കടുവയിലെ ആ രംഗം ചിത്രീകരിച്ചതെന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു .
കടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിനൊപ്പം ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനനവും വിളിച്ചുചേര്‍ത്തത്.
അതേസമയം വിജയ് ബാബു ‘അമ്മ യോഗത്തിൽ പങ്കെടുത്ത സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. “താനും ആ യോഗത്തിൽ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല”. അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിൾ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പം നിന്ന പൃഥ്വിരാജ് വിജയ് ബാബു കേസില്‍ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- “നടി ആക്രമിക്കപ്പെട്ട കേസിൽ എന്റെ സുഹൃത്ത് കൂടിയായ നടിയിൽ നിന്ന് നേരിട്ടുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ വിജയ് ബാബു കേസ് അങ്ങനെയല്ല. മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചതു മാത്രമേ തനിക്കറിയൂ. അതുവച്ച് ഒരു അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കില്ല”, പൃഥ്വിരാജ് പറഞ്ഞു.