
നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം വനത്തിൽ കുഴിച്ചിട്ടു
ഇടുക്കി: നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവർ വനത്തിൽ കുഴിച്ചിട്ടു. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് മരിച്ചത്. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ കീഴടങ്ങി.
മഹേന്ദ്രന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിടുകയായിരുന്നു.
കഴിഞ്ഞ മാസം 28 മുതലാണ് മഹേന്ദ്രനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ രാജാക്കാട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മഹേന്ദ്രൻ നായാട്ടിന് പോയതാണെന്ന വിവരം ലഭിച്ചത്.
ഇതിന് പിന്നാലെ മഹേന്ദ്രനൊപ്പമുണ്ടായിരുന്ന രണ്ടുപേർ പോലീസിൽ കീഴടങ്ങി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കുഴിച്ചിട്ടതിന്റെ ലക്ഷണങ്ങളുണ്ട്. മണ്ണ് മാറ്റി പരിശോധിച്ചതിന് ശേഷമേ സംഭവം സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് അറിയിച്ചു.