
എ കെ ജി സെന്റർ ആക്രമണം: ഇരുട്ടിൽ തപ്പി പൊലീസ്
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം സി-ഡാക്കിന് കൈമാറി. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ കണ്ടെത്താനാണ് ശ്രമം.ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിയുമോ എന്ന ശ്രമവും സൈബർ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നൂറിലേറെ ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരിക്കുന്നത്.അന്വേഷണത്തിന് എത്ര സമയമെടുത്താലും പിടിക്കുന്നത് യഥാർഥ പ്രതിയെത്തന്നെയായിരിക്കണം എന്നാണ് സർക്കാർ ഡിജിപിക്ക് നൽകിയിരിക്കുന്ന നിർദേശം. രണ്ട് ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ജൂൺ 30 ന് രാത്രി 11.35 ഓടെയാണ് ഒരാൾ എ കെ ജി സെന്ററിന് താഴെയുള്ള പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.