
ലൈഫ് മിഷൻ തട്ടിപ്പ് : സ്വപ്നയെ സി ബി ഐ ചോദ്യം ചെയ്യും
കൊച്ചി :വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടിസ് നൽകി. കേസിൽ പ്രതി പി.എസ്.സരിത്തിനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐക്കു മൊഴി നൽകിയിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കിയാണ് വടക്കാഞ്ചേരിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കുമെന്നായിരുന്നു കരാർ. 2019 ജൂലൈ 11നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്നു സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു.