
സജി ചെറിയാന് രാജി വച്ചത് ഖേദപ്രകടനം പോലും നടത്താതെ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിലുള്ള ഖേദപ്രകടനം പോലും നടത്താതെയാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വച്ചത്. മാത്രമല്ല, തന്റെ വിവാദ പ്രസംഗത്തെ അദ്ദേഹം ശക്തമായി ന്യായീകിരക്കുകയും ചെയ്തു.
കുറ്റം അദ്ദേഹം മാദ്ധ്യമങ്ങളിലുടെ തലയില്‍ കെട്ടി വയ്ക്കുകയാണ് ചെയ്തത്. മല്ലപ്പള്ളിയിലെ തന്റെ ഒരു മണിക്കൂറുള്ള പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് നല്‍കിയത് വഴി തെറ്റിദ്ധാരണ പടര്‍ത്താന്‍ കഴിഞ്ഞു എന്നാണ് മന്ത്രി പറഞ്ഞത്. അതില്‍ തനിക്ക് ദുഖമുണ്ടെന്നും സജി ചെറിയാന് പറഞ്ഞു. അതിനാല്‍ രാജി വയ്ക്കാന്‍ താന്‍ സ്വതന്ത്രമായ തീരുമാനമാണ് എടുത്തത് എന്നും സജി ചെറിയാന് പറഞ്ഞത്. തന്റെതായ ഭാഷയിലാണ് സംസാരിച്ചത്. അതില്‍ ഭരണഘടനയെ അവഹേളിക്കുന്നതൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജി വയ്ക്കാന്‍ താന്‍ സ്വതന്ത്രമായി തീരുമാനമെടുത്തു എന്നാണ് സജി ചെറിയാന് പറയുന്നതെങ്കിലും മറ്റും വഴികളൊന്നുമില്ലാതെയാണ് സജി ചെറിയാന് രാജി വച്ചതെന്നാണ് സൂചന. പിടിച്ചു നില്ക്കാന് അവസാനം വരെയും അദ്ദേഹം ശ്രമിച്ചു. ഇന്ന് രാവിലെയും താന്‍ എന്തിന് രാജി വയ്ക്കണമെന്നാണ് അദ്ദേഹം ചോദിച്ചത്. മുഖ്യമന്ത്രി നിയമോപദേശം തേടിയിരുന്നു. നിയമപരമായി പിടിച്ചു നില്ക്കാന് കഴിയല്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടാകാനാണ് സാദ്ധ്യത. മാത്രമല്ല, സ്ഥതിഗതികള്‍ കൂടുതല്‍ വഷളാക്കാതെ രാജി വയ്ക്കണമെന്ന വികാരമാണ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ ഉണ്ടായത്. ഉചിതമായ തീരുമാനമെടുക്കണം എന്ന് നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിച്ചത്. അതിന്റെ അര്‍ത്ഥം വ്യക്തമാണ്. മന്ത്രി രാജി വയ്ക്കുക തന്നെ വേണം. കേന്ദ്ര നേതൃത്വം കൂടുതല്‍ കര്‍ക്കശമായ നിലപാട് എടുത്തതോടെ രാജി അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതെ വന്നു.