
എന്തിന് രാജിവയ്ക്കണം: സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനാ വിവാദ പ്രസംഗത്തിനുപിന്നാലെ എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി സജി ചെറിയാൻ. എകെജി സെന്ററിൽ നടന്ന അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തശേഷമാണ് മന്ത്രിയുടെ പ്രതികരണം.എന്താണ് പ്രശ്നം. എന്തിന് രാജിവയ്ക്കണം. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നുമാണ് സജി ചെറിയാൻ പ്രതികരിച്ചത് .
മല്ലപ്പള്ളി പ്രസംഗം നാക്കുപിഴയെന്നാണ് സിപിഎം സെക്രട്ടറിയേറ്റിൽ സജി ചെറിയാൻ നൽകിയ വിശദീകരണം. വിമർശിച്ചത് ഭരണഘടനയെയല്ല , ഭരണകൂടത്തെയാണെന്നും സജി ചെറിയാൻ പറഞ്ഞു.
മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ തുടങ്ങിയവരും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.
സെക്രട്ടറിയേറ്റ് യോഗത്തിനു മുൻപ് സർക്കാർ എജിയുമായി കൂടിയാലോചന നടത്തിയിരുന്നു. സംഭവത്തിൽ സർക്കാർ നിയമോപദേശവും തേടിയിരുന്നു. ഇതിനു പിന്നാലെയാണ് സജി ചെറിയാനു സർക്കാർ പിന്തുണ നൽകിയത്.അതേസമയം മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം വർധിപ്പിച്ചു.