മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. ഷിൻഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് മുംബൈയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. ഗോവയിൽ നിന്ന് വിമാനമാർഗമാണ് എംഎൽഎമാര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മുംബൈയില്‍ എത്തിയത്. മുംബൈയിലെ താജ് പ്രസിഡന്‍റ് ഹോട്ടലിലേക്കാണ് എംഎൽഎമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം.

അതിനിടെ, വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡേയ്ക്കെഴുതിയ കത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡേയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published.

Previous post കനത്ത മഴ; മണികണ്ഠൻചാൽ പാലം മുങ്ങി
Next post യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികളെ പിടക്കാൻ തണ്ടർബോൾട്ടും