ദ്രൗപതി മുർമ്മു: ബി.ജെപിയുടെ ലക്ഷ്യം വലുത്

ബി.വി.പവനൻ

ഒരു കാലത്ത് മാര്‍വാഡികളുടെയും സവര്‍ണ്ണ ഹിന്ദുക്കളുടെയും പാര്‍ട്ടി എന്ന് പഴി കേട്ടിരുന്നതാണ് ബി.ജെ.പി. എന്നാല്‍ ആ പാര്‍ട്ടിക്ക് രാഷ്ട്രത്തലവനെ നിശ്ചയിക്കാനുള്ള ആദ്യ അവസരം കിട്ടിയപ്പോള്‍ ഒരു ദളിത് വംശജനെയായിരുന്നു രാഷ്ട്രപതിയാക്കിയത്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് രാംനാഥ് കോവിന്ദിനെ. രണ്ടാമത് വീണ്ടും ഒരു അവസരം കൂടി കിട്ടിയപ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരിയായ ഒരു വനിതയെയാണ് അതിനായി കണ്ടു പിടിച്ചത്. ഒഡീഷയില്‍ നിന്നുള്ള ദ്രൗപതി മുർമ്മു എന്ന് അറുപത്തിനാലുകാരിയെ. ഒരു വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കുക എന്നത് തന്നെ മഹത്തരമായ കാര്യമാണ്. അത് ഒരു ഗോത്രവര്‍ഗ്ഗക്കാരിയാവുമ്പോള്‍ അതിന്റെ മഹത്വം പതിന്മടങ്ങാവുന്നു. ബി.ജെ.പിയുടെ  ആ ശ്രമം വിജിയക്കുമെന്ന് മിക്കവാറും ഉറപ്പായിട്ടുണ്ട്. അത് വിജയിച്ചാല്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന ജനവിഭാഗത്തിലെ രണ്ടു പേരാവും തുടര്‍ച്ചയായി രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തുന്നത്.

ഇത് സംഘപരിവാറിന്റെ കുടിലമായ രാഷ്ട്രീയ കൗശലമാണെന്നും സവര്‍ണ്ണ ഹിന്ദുത്വം ഉള്ളിലൊളിപ്പിച്ചു വച്ച് അധികാരം അരക്കിട്ടുറപ്പിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം പറയുന്നുണ്ട്. പ്രത്യേകിച്ച് ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും. പതിവ് പോലെ ദളിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള സൈദ്ധ്യാന്തികമായ വ്യാഖ്യാനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ ഒരു കുറവും വരുത്തിയിട്ടുമില്ല.

ദളിതര്‍ക്ക് നേരെയുള്ള സവര്‍ണ്ണരുടെ അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് മിക്കവാറും കേള്‍ക്കുന്നുണ്ട്. ദളിത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ക്കും അറുതിയില്ല. അവ നിലനില്‍ക്കുമ്പോള്‍ തന്നെ  ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇടയില്‍ ബി.ജെ.പിയും സംഘപരിവാറും ആഴത്തില്‍ സ്വാധീനമുറപ്പിക്കുകയാണ് എന്നതാണ് വസ്തുത. മദ്ധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, ഛത്തീസ്ഘട്ട്, ജാര്‍ഖണ്ഡ് തുടങ്ങി ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലൊക്കെ ബി.ജെ.പി ആധിപത്യമുറപ്പിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തൂത്തുവാരി വിജയിക്കാനുള്ള കാരണങ്ങളിലൊന്ന് ദളിത് ആദിവാസി മേഖലയിലെ ഈ സ്വാധീനമായിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഒരിക്കലും കുലുങ്ങാത്ത വോട്ട് ബാങ്കായിരുന്നു ദളിത് ആദിവാസി ജനസമൂഹം. ആ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുകയും അത് അപ്പാടെ ഒലിച്ച് സംഘപരിവാര്‍ ക്യാമ്പിലെത്തുകയും ചെയ്തപ്പോള്‍ കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനേ കോണ്‍ഗ്രസിനായുള്ളൂ. ഇടതു പക്ഷത്തിനും കമ്യൂണിസ്റ്റുകള്‍ക്കുമാകട്ടെ നല്ല വേരോട്ടം കിട്ടേണ്ട മണ്ണായിരുന്നു ഈ ദളിത് ആദിവാസി മേഖല. ചിലയിടത്ത് അവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പക്ഷേ അവരും വളര്‍ച്ച മുരടിച്ച് കരിഞ്ഞു പോയി.

എന്തു കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന്  ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും ദളിത് പ്രേമം വെറും തൊലിപ്പുറത്ത് മാത്രമായിരുന്നു. ദളിതരുടെയും ആദിവാസികളുടെയും ക്ഷേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമെന്നല്ലാതെ അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. വോട്ടെടുപ്പിന് പോളിംഗ് ബൂത്തുകളിലേക്ക് അടിച്ചു തെളിയിക്കപ്പെടുന്ന ഇരുകാലികള്‍ മാത്രമായിരുന്നു അവര്‍.

ഒരു ഉദാഹരണം നോക്കുക. ഇന്ത്യ സ്വതന്ത്രമായി അര നൂറ്റാണ്ടെടുത്തു കോണ്‍ഗ്രസിന് ഒരു ദളിതനെ രാഷ്ട്രപതിഭവനിലെത്തിക്കാന്‍. ഒന്‍പത് പേരുടെ ഊഴം കഴിഞ്ഞ് പത്താമതായി.  അതും കെ.ആര്‍.നാരായണനെപ്പോലെ ലോകപൗരനായ ഒരു ധിഷണാശാലിയെ രാഷ്ട്രപതിയാക്കിയത് എന്തോ വലിയ ത്യാഗം ചെയ്ത മട്ടിലും. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ദളിത് ആദിവാസി സാന്നിദ്ധ്യം ഇല്ലായിരുന്നു എന്നു പറയുന്നില്ല. ജഗ്ജീവന്‍ റാമിലെപ്പോലെ കുറച്ചു പേര്‍  ഉണ്ടായിരുന്നു. ഒഴിവാക്കാന്‍ കഴിയാത്തതു കൊണ്ട് സൈഡില്‍ ഇരുത്തുക മാത്രമാണ് ചെയ്തത്.  

കമ്യൂണിസ്റ്റുകാരുടെയും ഇടതു പക്ഷങ്ങളുടെയും അവസ്ഥ ഇതിലും എത്രയോ ദയനീയമാണ്. അടിസ്ഥാന വര്‍ഗ്ഗ വിമോചനത്തെക്കുറിച്ചുള്ള അവരുടെ വാചകമടി കേട്ടാല്‍ അവര്‍ ജനിച്ചത് തന്നെ അതിന് വേണ്ടിയാണെന്ന് തോന്നും. പക്ഷേ ദളിതരെയോ ആദിവാസികളെയോ അധികാരത്തിന്റെയോ നേതൃത്വത്തിന്റെയും നാലയലത്ത് അടുപ്പിക്കില്ല. ദളിത് ആദിവാസി വിമോചനത്തെക്കുറിച്ച് ഏറ്റവും ആവേശകരമായി  സംസാരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ ആ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഒരു ദളിതന്‍ എത്തിയത് പാര്‍ട്ടി രൂപം പൂണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടാണ്. ഇത്തവണ കണ്ണൂരില്‍  നടന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിന്‍ എന്ന ദളിത് വംശജന്‍ ചരിത്രത്തിലാദ്യമായി പൊളിറ്റ് ബ്യൂറോയില്‍ അംഗമാകുന്നത്. കേരളത്തില്‍ നിന്ന് എ.കെ.ബാലന്‍ കൂടി പൊളിറ്റ് ബ്യൂറോയില്‍ എത്തുമെന്ന് കരുതിയതാണ്. പക്ഷേ രണ്ടു ദളിതരെ പി.ബിയില്‍ കൊണ്ടു വരാനുള്ള ആര്‍ജ്ജവം ആ പാര്‍ട്ടി കാണിച്ചില്ല. ബാലന് പകരം വിജയരാഘവന്‍ പൊള്ളിറ്റ് ബ്യൂറോയിലേക്ക് പോയി. മൂന്ന് സംസ്ഥാനങ്ങളില്‍ സി.പി.എം അധികാരത്തിലെത്തി. പക്ഷേ ഒരിക്കലും ഒരു ദളിത് വംശജന്‍ മുഖ്യമന്ത്രിയായില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലുമൊക്ക മരുന്നിന് പോലെയാണ് ദളിത് പ്രതിനിധ്യം.

ഈ പശ്ചാത്തലത്തില്‍ വേണം ബി.ജെ.പിയുടെ സമീപനത്തെ വിലയിരുത്തേണ്ടത്. എന്തു തന്ത്രത്തിന്റെ പേരിലാണെങ്കിലും ദളിതര്‍ക്ക് പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് ബി.ജെ.പി ദളിത് വിഭാഗങ്ങളിലേക്ക്  വേര് പടര്‍ത്തുന്നത്. ദളിതരായ പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിമാരും അവര്‍ക്കുണ്ട്. യു.പിയിലെ കല്യാണ്‍സിംഗില്‍ ആ ചരിത്രം തുടങ്ങുന്നു. ഇപ്പോള്‍ ഒരു ഗോത്ര വര്‍ഗ്ഗ വനിതയെ രാഷ്ട്രപതി ഭവനിലെത്തിക്കുമ്പോള്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍ മാത്രമായി 36 ലോക്‌സഭാ അംഗങ്ങളും 8 രാജ്യസഭാ അംഗങ്ങളും 190 എം.എല്‍.എമാരും രണ്ട് ഡെപ്യൂട്ടി മുഖ്യമന്ത്രിമാരും രണ്ട് ഗവര്‍ണ്ണര്‍മാരും ബി.ജെ.പിക്കുണ്ട്. കേന്ദ്ര ക്യാബിനറ്റില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ മന്ത്രിമാര്‍ എട്ടാണ്. പേരിന് ഒരു ഗോത്ര വര്‍ഗ്ഗ വനിതയെ രാഷ്ട്രപതിയാക്കുക മാത്രമല്ല ബി.ജെ.പി ചെയ്യുന്നത് എന്നര്‍ത്ഥം. മാത്രമല്ല പ്രധാന മന്ത്രിയും പിന്നാക്കക്കാരനാണ്. അടിസ്ഥാന വര്‍ഗ്ഗ വിമോചനം ജീവിത വൃതമാക്കിയവര്‍ ഈ യാഥാര്‍ത്ഥ്യം കണ്ണുതുറന്ന് കാണണം.

രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തു തന്നെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ദളിത്, ആദിവാസി വോട്ടുകള്‍ കീശയിലാക്കാനാണ് ദൗപതി മര്‍മ്മുവിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അത് വളരെ ലളിതമായ വ്യാഖ്യാനമാണ്. ബി.ജെ.പിയുടെ ലക്ഷ്യം അതിനും എത്രയോ അപ്പുറത്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ദളിതരുടെ വോട്ടുകളുടെ പിന്‍ബലത്തിലാണ് ബി.ജെ.പി മിന്നുന്ന ജയം നേടിയത്. സവര്‍ണ്ണ വിഭഗത്തിന്റെ വോട്ടുകള്‍ നേരത്തെ തന്നെ ബി.ജെ.പി ഉറപ്പിച്ചിട്ടുണ്ട്. അതിനോടൊപ്പം ദളിത് വോട്ടുകള്‍ കൂടി ചേര്‍ന്നാല്‍ ബി.ജെ.പിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത അടിത്തറയാകുമത്. അതാണ് അവരുടെ ലക്ഷ്യം.

ഈ ലക്ഷ്യത്തിനായി ദീര്‍ഘകാലമായി ചിട്ടയോടെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ബി.ജെ.പിയും സംഘപരിവാറും. വിദ്യാലയങ്ങളുണ്ടാക്കിയും ദളിതരുടെ വിശ്വാമാര്‍ജ്ജിച്ചും ദളിതര്‍ക്കിടില്‍ പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘങ്ങളെ ഒതുക്കിയും അവര്‍ മുന്നേറി.  അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയെത്തന്നെ മാറ്റി വരച്ചു. ജാതി അടിസ്ഥാനമായ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത്  മതം അടിസ്ഥാനമായ രാഷ്ട്രീയം അവര്‍ പ്രതിഷ്ഠിച്ചു. വി.പി സിംഗിന്റെ മണ്ഡല്‍ തുറുപ്പിനെ രാമജന്മഭൂമി പ്രക്ഷോഭം കൊണ്ട് അവര്‍ വെട്ടി. ഹിന്ദുത്വത്തെ ജാതികള്‍ക്ക് അതീതമായ ഒരു വികാരമായി അവര്‍ മാറ്റിയെടുത്തു.  ആ വികാരത്തിന്റെ പൊന്‍നൂലില്‍ വിവിധ ജാതികളെ അവര്‍ കോര്‍ത്തിണക്കി. ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഹിന്ദുത്വം എന്ന വികാരത്തില്‍ അവരെ ഒരുമിപ്പിക്കാന്‍ ബി.ജെ.പിക്കും സംഘപരിവാറിനും കഴിഞ്ഞു. കോണ്‍ഗ്രസിന് ഈ അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അവരുടെ കാലിന് കീഴിലെ മണ്ണെല്ലാം ഒലിച്ചു പോയിരുന്നു.

ദ്രൗപതി മുർമ്മു ഒരു പ്രതീകമല്ല. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ലക്ഷ്യമാണ്.  ദളിതരെയും ആദിവാസികളെയും ഒപ്പം കൂട്ടുകയല്ല, അവരെ പങ്കാളികളാക്കിക്കൊണ്ട് അധികാരം അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യം.

Leave a Reply

Your email address will not be published.

Previous post ഷഹാനയുടെ ആത്മഹത്യ ; ഭർത്താവ് സജാദ് കുറ്റക്കാരൻ
Next post വി​ജ​യ് ബാ​ബു​വി​നെ​തി​രെ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ